500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമപ്രവര്‍ത്തക കൂടുതല്‍ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്. പുറത്തുവിട്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും മാധ്യമപ്രവര്‍ത്തക രചന ഖൈറ വ്യക്തമാക്കി. സര്‍ക്കാര്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്ന വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് അറിയാം. അത്രയും നടപടിയെങ്കിലും അതോറിറ്റി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഖൈറ പ്രതികരിച്ചു. വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ട്രിബ്യൂണ്‍ പത്രത്തിനും രചനയ്ക്കുമെതിരെ യു.ഐ.ഡി.എ.ഐ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. ചണ്ഡീഗഢിലെ മാധ്യമങ്ങള്‍ മാത്രമല്ല ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും തനിക്ക് പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ട്. ട്രിബ്യൂണ്‍ ആണ് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. രചന ഖൈറ, വാര്‍ത്താ ശേഖരണത്തിനായി അവര്‍ സമ്പർക്കം പുലര്‍ത്തിയ അനില്‍കുമാര്‍, സുനില്‍കുമാര്‍, രാജ് എന്നിവരുടെ പേരിലാണ് യു.ഐ.എ.ഡി.ഐ.എയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ബി എം പട്നായിക് പരാതി നല്‍കിയത്. ജനുവരി മൂന്നിനാണ് രചനയുടെ വാര്‍ത്ത ദ ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ചത്. അഞ്ഞൂറു രൂപ ഇടനിലക്കാര്‍ക്ക് കൊടുത്തപ്പോള്‍ പത്തുമിനുട്ടിനകം ആധാര്‍ വിവരങ്ങള്‍ ലേഖികയ്ക്ക് ലഭിച്ചെന്ന് വാര്‍ത്തയില്‍ പറയുന്നു. പേര്, വിലാസം, ഫോട്ടോ, ഫോണ്‍ നമ്ബര്‍, ഇ മെയില്‍ അടക്കമുള്ള വിവരങ്ങളാണ് ഇതുവഴി ലഭിച്ചതായി രചന അവകാശപ്പെട്ടത്.
ആധാര്‍ വിവരങ്ങള്‍ ചോരുന്ന റിപ്പോർട്ട്; ഇനിയും ഞെട്ടിക്കുന്ന കണ്ടെത്തലുകളെന്ന് രചന
RELATED ARTICLES