തന്ത്രിമാര്‍ അച്ചടക്ക നടപടിക്ക് വിധേയമായ പരമ്പര്യമുണ്ടെന്നു കടകംപള്ളി

pinarayi kakadakm palli

ശബരിമല ക്ഷേത്രാചാരങ്ങളിലെ അവസാന തീരുമാനം തന്ത്രിയുടേതാണെന്നും തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമുള്ള താഴ്‌മണ്‍ കുടുംബത്തിന്റെ പ്രതികരണത്തിന് ചുട്ട മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . താഴ്‌മണ്‍ കുടുബം മുമ്പും അച്ചടക്ക നടപടിക്ക് വിധേയമായിട്ടുണ്ടെന്നും തന്ത്രിമാരെ മാറ്റിയ ചരിത്രം മുൻപുണ്ടായിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്ത്രിമാരെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിന് മാത്രമാണ്. താഴ്‌മണ്‍ കുടുംബത്തില്‍ തന്നെ ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിമാരെ മാറ്റിയ ചരിത്രം മുൻപ്ണ്ടായിട്ടുണ്ട് . നിലവിലെ പ്രശ്നം പാരമ്പര്യ തന്ത്രിമാരെ പറ്റിയല്ല. നിയമിക്കുന്ന തന്ത്രിമാര്‍ ദേവസ്വം നിയമവും മാന്വലും അനുസരിക്കുന്നുണ്ടോയെന്നതാണ്. തെറ്റായ കാര്യങ്ങള്‍മേല്‍ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ദേവസ്വം ബോര്‍‌ഡില്‍ നിക്ഷിപ്‌തമായിട്ടുള്ളതാണെന്നും കടകംപള്ളി പറഞ്ഞു. ഇത്തരത്തിലുള്ള ഒരു പരാമര്‍ശവുമായി താഴമണ്‍ കുടുംബം പൊതുസമൂഹത്തിന് മുമ്ബില്‍ വന്നത് അനാവശ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ശുദ്ധികലശം നടത്തിയതിന് ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെയാണ് താഴ്‌മണ്‍ കുടുംബം രംഗത്തെത്തിയത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ലാത്ത തന്ത്രിയോട് എങ്ങനെയാണ് ബോര്‍ഡിന് വിശദീകരണം ചോദിക്കാനാവുക. ദേവസ്വം ബോര്‍ഡില്‍ നിന്നും തന്ത്രി ശമ്ബളം കൈപ്പറ്റുന്നില്ല, ദക്ഷിണയാണ് സ്വീകരിക്കുന്നത്. ശബരിമലയിലേതടക്കം ക്ഷേത്രാചാരങ്ങളിലെ അവസാന തീരുമാനം തന്ത്രിയുടേതാണ്. തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമാണ് താഴ്‌മണ്‍ കുടുംബം പ്രതികരിച്ചത്.