സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും 13 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരവാദിയെ വധിച്ചു

ഠാക്കൂര്‍ഗഞ്ചിലെ ഒരു വീട്ടില്‍ രണ്ട് ഭീകരര്‍

ഭീകരര്‍ക്കു പിന്നില്‍ അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ.എസ്

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പൊതുജനങ്ങളെയും സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരവാദിയെ വധിച്ചു. 13 മണിക്കൂര്‍ നേരത്തെ പരിശ്രത്തിനൊടുവിലാണ് ഭീകരാക്രമണത്തിന് അറുതി വരുത്താനായത്.

ഠാക്കൂര്‍ഗഞ്ചിലെ ഒരു വീട്ടില്‍ രണ്ട് ഭീകരര്‍ ഉള്ളതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നെങ്കിലും ഒരു മൃതദേഹം മാത്രമാണ് ലഭിച്ചത്. ഇയാളില്‍ നിന്ന് പിസ്റ്റള്‍, റിവോള്‍വര്‍, കത്തി തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തു. സൈഫുല്ല എന്നാണ് കൊല്ലപ്പെട്ടയാളുടെ പേരെന്ന് പൊലീസ് പറഞ്ഞു.

ഉജ്ജയ്ന്‍ – ഭോപാല്‍ ട്രെയിനില്‍ ബോംബ് സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന ഭീകരര്‍ വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന് ഭീകരവിരുദ്ധ സേനയും ദേശീയ സുരക്ഷാ സേനയുമടക്കം വലിയ സന്നാഹങ്ങളാണ് രംഗത്തുണ്ടായിരുന്നത്. ഭീകരര്‍ക്കു പിന്നില്‍ അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ.എസ് ആണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഏഴ് ഘട്ട തെരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിന്റെ വോട്ടെടുപ്പ് തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഉജ്ജയ്ന്‍ – ഭോപാല്‍ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഐ.എസ് ആണെന്നാണ് നിഗമനം. ഇന്ത്യയിലെ ഐ.എസിന്റെ ആദ്യ ആക്രമണമാണിതെന്ന് പൊലീസ് പറയുന്നു.