Saturday, April 20, 2024
HomeKeralaഹാദിയ – ഷെഫിൻ ജഹാൻ വിവാഹം നിയമപരമെന്ന് സുപ്രീം കോടതി വിധിച്ചു

ഹാദിയ – ഷെഫിൻ ജഹാൻ വിവാഹം നിയമപരമെന്ന് സുപ്രീം കോടതി വിധിച്ചു

ഹാദിയ കേസിൽ സുപ്രീം കോടതിയുടെ നിർണായ വിധി. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി അസാധുവാക്കി. ഹാദിയ കേസില്‍  നിയമപരമാക്കിയ കോടതി ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാമെന്നും അറിയിച്ചു. അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്. താനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഷഫീന്‍ ജഹാന്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ 27-ന് ഹാദിയയെ സുപ്രീംകോടതി നേരിട്ടു വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് ഹാദിയയെ സേലത്തെ കോളേജില്‍ ഹോമിയോപ്പതി പഠനം തുടരാനയക്കുകയും ചെയ്തു. കഴിഞ്ഞ മേയ് 24-നാണ് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു നടപടി. തുടര്‍ന്ന് ഹാദിയയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സേലത്തെ ശിവരാജ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലാണ് ഹാദിയ പഠിക്കുന്നത്. അവിടെ ഹോമിയോപ്പതിയില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനാണ് ഉത്തരവ്. കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിക്കാം. കോളേജിന്റേയും ഹോസ്റ്റലിന്റേയും നിയമങ്ങള്‍  അനുസരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ഹോമിയോ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി സേലത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏകമകളെ കാണാതായെന്ന പരാതിയുമായി പിതാവ് അശോകന്‍ കഴിഞ്ഞ വര്‍ഷം ജനുവരി ആറിന് കോടതിയെ സമീപിച്ചതോടെയാണ് വിഷയം പൊതുശ്രദ്ധയില്‍ വരുന്നത്. പരാതി നല്‍കിയെങ്കിലും പോലീസിന് ഹാദിയയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അശോകന്‍ ജനുവരി 19 ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. കോടതി നിര്‍ദേശപ്രകാരം 25 ന് ഹൈക്കോടതിയില്‍ ഹാജരായ അഖില താന്‍ സ്വമേധയാ വീട്ടുകാരെ വിട്ടു പോവുകയായിരുന്നുവെന്ന് കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹാദിയയെ കോടതി അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. വീടുവിട്ട പെണ്‍കുട്ടി മഞ്ചേരിയിലെ സത്യസരണിയില്‍ ഇസ്ലാമിക പഠനത്തിന് ചേര്‍ന്നിരുന്നു. യുവതിക്ക് മതപഠനം തുടരാനും താമസസ്ഥലം സ്വയം തീരുമാനിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. അതിനിടെ ഓഗസ്റ്റ് 16ന് അശോകന്‍ രണ്ടാമതും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതേത്തുടര്‍ന്ന് ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനായി ഓഗസ്റ്റ് 22, സെപ്തംബര്‍ ഒന്ന്, അഞ്ച് തിയ്യതികളില്‍ ഹാദിയ ഹൈക്കോടതിയില്‍ ഹാജരായി. സെപ്തംബര്‍ 27 ന് സത്യസരണി ഭാരവാഹിക്കൊപ്പം ഹാദിയയെ വിട്ടു. 2016 ഡിസംബര്‍ 21-ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 19-ന് വിവാഹം നടന്നെന്ന് യുവതി കോടതിയെ അറിയിച്ചു. കോട്ടക്കലില്‍ വെച്ചായിരുന്നു വിവാഹം. ഭര്‍ത്താവ് ഷഫീന്‍ ജഹാനൊപ്പമാണ് അന്ന് കോടതിയില്‍ ഹാജരായത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ നടന്ന വിവാഹത്തിന്റെ വിശദവിവരം അന്വേഷിച്ചറിയിക്കാന്‍ ഡിസംബര്‍ 21 ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. യുവതിയെ എറണാകുളത്തെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ നിര്‍ദേശിച്ചു. 2017 മെയ് 24 ന് ഹൈക്കോടതി വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചു. വിവാഹത്തിന് യുവതിയുടെകൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും അത് നടത്തിക്കൊടുക്കാന്‍ അധികാരമോ യോഗ്യതയോ ഇല്ലെന്ന് കോടതി വിലയിരുത്തി. ഇതിനെതിരെയാണ് ഷഫീന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിവാഹം അസാധുവാക്കിയതിനെ തുടര്‍ന്ന് യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകാതെ പ്രതിഷേധിച്ചിരുന്നു. നാടകീയ രംഗങ്ങളാണ് യുവതി താമസിക്കുന്ന ഹോസ്റ്റലില്‍ അരങ്ങേറിയത്. താന്‍ മതം മാറിയെന്നും വീട്ടുകാര്‍ക്കൊപ്പം പോകേണ്ടെന്നും യുവതി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവില്‍ യുവതിയെ പോലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. ഓഗസ്റ്റ് 18 ന് കോടതി നിര്‍ദേശപ്രകാരം ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ വിശ്രമ ജീവിതം നയിക്കുന്ന തനിക്ക് ഈ ചുമതല ഏറ്റെടുക്കാനാകില്ലെന്ന് അദ്ദേഹം പിന്നീട് കോടതിയെ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments