ജറൂസലം നഗരത്തില്‍ നിന്ന് അറബികളെ തുടച്ചു മാറ്റാനുള്ള നിയമം പാസാക്കി

jerusalem

ജറൂസലം നഗരത്തില്‍ നിന്ന് അറബികളെ പൂര്‍ണമായി തുടച്ചു മാറ്റാനുള്ള നിയമം ഇസ്രായേൽ പാര്‍ലമെന്റ് പാസാക്കി. ‘രാജ്യത്തോട് കൂറില്ലാത്ത’ ഫലസ്തീനികള്‍ക്ക് താമസാവകാശം നിഷേധിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് അനുവാദം നല്‍കുന്ന നിയമമാണ് പാസാക്കിയത്. ഇതനുസരിച്ച്, രാജ്യത്തിന് ഭീഷണിയെന്നോ ബഹുമാനമില്ലെന്ന ആഭ്യന്തര മന്ത്രിക്ക് തോന്നുന്ന ആര്‍ക്കും താമസ അവകാശം നിഷേധിക്കാന്‍ ആഭ്യന്തര മന്ത്രിക്കാകും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഷാസിന്റെ നേതാവ് അര്യേഹ് ദേരിയാണ് ഇസ്രായേൽ ആഭ്യന്തര മന്ത്രി.പുതിയ ഇസ്രായേൽ നിയമം അന്ത്യന്തം വംശീയമാണെന്നും സ്വന്തം നഗരത്തില്‍ ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശം സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) നേതാവ് ഹനാന്‍ അഷ്‌റാവി പറഞ്ഞു. ‘ഫലസ്തീനികളെ ജറൂസലം നഗരത്തില്‍ നിന്ന് അസാന്മാര്‍ഗിക രീതിയിലൂടെ പുറത്താക്കാനും സ്വന്തം നഗരത്തില്‍ താമസിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കാനുമുള്ള ഇസ്രാഈല്‍ നിയമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.’ – ഹനാന്‍ അഷ്‌റാവി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും കരാറും ലംഘിച്ച് ജറൂസലം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. ജറൂസലം ഇസ്രായേൽ തലസ്ഥാനമാക്കാനുള്ള നീക്കത്തിന് അമേരിക്ക പിന്തുണയറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ വന്‍ വിമര്‍ശനമാണ് ഇതിന് നേരിടേണ്ടി വന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഇക്കാര്യം വോട്ടെടുപ്പിനു വന്നപ്പോള്‍ അമേരിക്ക ദയനീയ പരാജയം നേരിട്ടിരുന്നു.