എംപാനല്‍ കണ്ടക‌്ടര്‍മാരുടെ അനശ‌്ചിതകാല സമരം പിന്‍വലിച്ചു

ksrtc

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന‌് കെഎസ‌്‌ആര്‍ടിസിയില്‍നിന്ന‌് പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക‌്ടര്‍മാരുടെ അനശ‌്ചിതകാല സമരം പിന്‍വലിച്ചു . എംപാനല്‍ കൂട്ടായ‌്മ നേതാക്കള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണ‌് സമരം അവസാനിപ്പിച്ചത‌്. കെഎസ‌്‌ആര്‍ടിസിയിലുള്ള ഒഴിവുകളിലേക്ക‌് നിയമനം നടത്താനായി ഒരു പാനല്‍ രൂപീകരിക്കുമെന്ന‌ ഗതാഗത മന്ത്രിയുടെ ഉറപ്പിനേത്തുടര്‍ന്നാണ‌് സമരം പിന്‍വലിക്കുന്നതെന്ന‌് സമര സമിതി നേതാക്കള്‍ പറഞ്ഞു. കണ്ടക‌്ടര്‍ ലൈസന്‍സും അഞ്ച‌് വര്‍ഷത്തിലധികം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക‌് പാനല്‍ രൂപീകരിക്കുമ്ബോള്‍ മുന്‍ഗണന നല്‍കും. ഓരോ സോണിലേയും ഓഴിവുകള്‍ കണക്കാക്കി പാനല്‍ രൂപീകരിക്കാന്‍ സോണല്‍ ഉദ്യോഗസ്ഥര്‍ക്ക‌് നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക‌് പാനലില്‍ ഉള്‍പ്പെടാന്‍ സാധിക്കും. സ്ഥിരം ജീവനക്കാര്‍ അവധിയില്‍ പോകുമ്ബോള്‍ സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ‌് യോഗ്യരായവരെ ഉള്‍പ്പെടുത്തി പാനല്‍ രൂപീകരിക്കുന്നതെന്ന‌് ഗതാഗത വകുപ്പ‌് അധികൃതര്‍ പറഞ്ഞു. റിസര്‍വ‌് കണ്ടക‌്ടര്‍ തസ‌്തികയില്‍ നിയമന ശുപാര്‍ശ ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ‌് 3861 എംപാനല്‍ കണ്ടക‌്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത‌്. തുടര്‍ന്ന‌് നിയമന ശുപാര്‍ശ ലഭിച്ച 4051 പേര്‍ക്ക‌് കെഎസ‌്‌ആര്‍ടിസി നിയമന ഉത്തരവ‌് നല്‍കിയെങ്കിലും 1422 പേരാണ‌് ജോലിക്കെത്തിയത‌്. ഗതാഗതമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ കെഎസ‌്‌ആര്‍ടിസി എം ഡി എം പി ദിനേശ‌്, എം പാനല്‍ കൂട്ടായ‌്മ നേതാക്കളായ ദിനേശ‌്ബാബു, എസ‌് ഡി ജോഷി എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയെത്തുടര്‍ന്ന‌് പിരിച്ചുവിടപ്പെട്ടവര്‍ ആഹ്ലാദപ്രകടനം നടത്തി. എല്‍ഡിഎഫ‌് കണ്‍വീനര്‍ എ വിജയരാഘവന്‍ സമരപ്പന്തലിലെത്തി അഭിവാദ്യം ചെയ‌്തു.