മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കുമ്മനത്തിന് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തതിനെത്തുടര്‍ന്നാണ് പുതിയ നീക്കം. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ നീക്കത്തിനെതിരെ പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തിരുവനന്തപുരത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന ശ്രീധരന്‍പിള്ളയ്ക്ക് കുമ്മനത്തിന്‍റെ വരവ് മോഹഭംഗത്തിന് ഇടവരുത്തിയിരിക്കുകയാണ്. പാര്‍ട്ടിയിലെ ഗ്രൂപ്പിസം കാരണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ പി.എസ്. ശ്രീധരന്‍പിള്ള വിരുദ്ധര്‍ കുമ്മനത്തിന് കീഴില്‍ അണിനിരക്കുമെന്നത് ഗ്രൂപ്പിസത്തിന് പുതിയ മാനം നല്‍കുകയാണ്.14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ഇത്തവണ ഇത് മറികടക്കാനാകുമെന്ന നിര്‍ദ്ദേശമാണ് ആര്‍.എസ്.എസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരിക കൂടി ചെയ്തതോടെ കേന്ദ്ര നേതൃത്വം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതോടെ പുതിയ ഒരു കീഴ്‌വഴക്കത്തിനാണ് ബി.ജെ.പി നേതൃത്വം തുടക്കം കുറിക്കുന്നത്.
ഗവര്‍ണര്‍ സ്ഥാനത്തുള്ള ഏതാനും ബിജെപി നേതാക്കള്‍ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ്, കുമ്മനത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചിരുന്നത്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഉള്‍പ്പെടെയുള്ളവര്‍ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കുന്നത് ചൂണ്ടിക്കാട്ടി ഇവര്‍ സമ്മര്‍ദം ശക്തമാക്കുമെന്ന വിലയിരുത്തലിലാണ്, സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തോട് ബിജെപി കേന്ദ്ര നേതൃത്വം തുടക്കത്തില്‍ അനുകൂലമായി പ്രതികരിക്കാതിരുന്നത്.