Monday, October 7, 2024
HomeInternationalസിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. മെഡിറ്ററേനിയനില്‍ നങ്കൂരമിട്ട രണ്ട് യുദ്ധക്കപ്പലുകളില്‍നിന്നാണ് ആക്രമണം നടത്തിയത്. 59 ടോമഹാക്ക് ക്രൂയിസ് മിസൈലുകള്‍ഷയ്രാത് എയര്‍ഫീല്‍ഡിലേക്ക് തൊടുത്തതായി പെന്റഗണ്‍ അറിയിച്ചു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടതായി സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘സനാ’ റിപ്പോര്‍ട്ട്ചെയ്തു.

ചൊവ്വാഴ്ച വിമത കലാപകാരികളുടെ നിയന്ത്രണത്തിലുള്ള ഖാന്‍ ഷെയ്ഖൂണ്‍ മേഖലയില്‍ രാസായുധപ്രയോഗമെന്ന് സംശയിക്കുന്ന ആക്രമണമുണ്ടായിരുന്നു. സിറിയന്‍ സൈന്യമാണ് ഈ ആക്രമണം നടത്തിയതെന്ന് ആരോപിച്ചാണ് അമേരിക്കയുടെ പ്രതികാര നടപടി. ഏഴു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരകലാപത്തിനിടെ അമേരിക്ക നേരിട്ട് സൈനികനടപടിക്കൊരുങ്ങിയത് ഇതാദ്യമാണ്. എന്നാല്‍, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പോര്‍വിമാനങ്ങള്‍ കഴിഞ്ഞവര്‍ഷം നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട് ആക്രമണം നടന്നത്. അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണ് അമേരിക്കയുടെ അധിനിവേശമെന്ന് സിറിയന്‍ സൈന്യം പ്രതികരിച്ചു. ഭീകരസംഘങ്ങളുടെ പങ്കാളിയായി അമേരിക്ക മാറിയെന്നും സിറിയ കുറ്റപ്പെടുത്തി.

സിറിയ രാസായുധം പ്രയോഗിച്ചെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഐക്യരാഷ്ട്ര രക്ഷാസമിതിക്കു നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തിനുശേഷം ടെലിവിഷനിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. ദേശീയസുരക്ഷാ താല്‍പ്പര്യത്തിലാണ് ആക്രമണം നടത്തിയതെന്നും സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള യുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും ട്രംപ് പറഞ്ഞു. സിറിയയിലെ സര്‍ക്കാര്‍വിരുദ്ധ കലാപസംഘങ്ങളുടെ നേതൃത്വം അമേരിക്കയുടെ ആക്രമണത്തെ സ്വാഗതംചെയ്തു. അസദിന്റെ സൈന്യത്തിനെതിരായ സൈനികനടപടിയുടെ തുടക്കമാണ് ഇതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, അമേരിക്കയുടെ നടപടിയെ റഷ്യ ശക്തമായി അപലപിച്ചു. അമേരിക്ക-റഷ്യ ബന്ധത്തില്‍ വലിയ ആഘാതമുണ്ടാക്കുന്നതാണ് ഈ നടപടിയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്തു. ആക്രമണത്തിനു മുമ്പ് റഷ്യയെ ഇക്കാര്യം അറിയിച്ചിരുന്നതായി അമേരിക്ക അവകാശപ്പെട്ടു. എന്നാല്‍, റഷ്യയുടെ അനുമതി ആവശ്യമായിരുന്നില്ലെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി റെക്സ് ടില്ലര്‍സണ്‍ പ്രതികരിച്ചു.

തങ്ങള്‍ രാസായുധം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. സിറിയന്‍ അറബ് സൈന്യം രാസായുധം പ്രയോഗിച്ചിട്ടില്ലെന്നും ഒരിക്കലും പ്രയോഗിക്കില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായി സിറിയന്‍ വിദേശമന്ത്രി വാലിദ് മുഅല്ലം പറഞ്ഞു. വിമതര്‍ രാസായുധം നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍വീണ ബോംബ് പൊട്ടിയതിനെ തുടര്‍ന്നാണ് ദുരന്തമെന്ന് റഷ്യ പറഞ്ഞു. അമേരിക്കയുടെ സൈനിക നടപടിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. യുദ്ധക്കുറ്റം ഉണ്ടായോ എന്നതിനെപ്പറ്റി അന്വേഷിക്കുമെന്ന് യുഎന്‍ അറിയിച്ചു.

സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ അമേരിക്കയുടെ പിന്തുണയോടെയാണ് വിമതകലാപം ആരംഭിച്ചത്. സൈന്യത്തിന്റെ ശക്തമായ പ്രതിരോധത്തില്‍ സുപ്രധാന നഗരങ്ങളില്‍നിന്നെല്ലാം വിമതര്‍ക്ക് പിന്മാറേണ്ടിവന്നു. എന്നാല്‍, അല്‍ ഖായ്ദ ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങളാണ് വിമതകലാപകാരികള്‍ക്കൊപ്പം സിറിയന്‍ സര്‍ക്കാരിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നത്. ഇവരെ സഹായിക്കുന്ന തരത്തിലാണ് അമേരിക്കയുടെ നടപടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments