ലൈംഗികബന്ധത്തിന്റെ പേരിൽ പറ്റിച്ചു പണമുണ്ടാക്കാൻ പെണ്‍വേഷം ധരിച്ച് 2 പുരുഷന്‍മാര്‍ പിടിയിൽ

sex racket

പണം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കാന്‍ പെണ്‍വാണിഭസംഘം കണ്ടെത്തിയ പുതിയ വഴി പൊളിച്ചടുക്കി പോലീസ്. പെണ്‍വേഷം ധരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്ത രണ്ട് പുരുഷന്‍മാര്‍ക്കെതിരെ നടപടി. രണ്ട് ഏഷ്യന്‍ സ്വദേശികള്‍ക്കെതിരെ അബുദാബി ക്രിമിനല്‍ കോടതിയില്‍ ആണ് കേസ് നടക്കുന്നത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവച്ചും ഇവരെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും ആളുകളെ പറ്റിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വളരെ തന്ത്രപരമായാണ് അബുദാബി പൊലീസ് പ്രതികളെ പിടികൂടിയതെന്ന് പ്രോസിക്യൂട്ടേഴ്‌സ് പറഞ്ഞു. അണ്ടര്‍കവര്‍ ഏജന്റ് വഴിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. നിയമവിരുദ്ധമായി ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അണ്ടര്‍ കവര്‍ ഏജന്റിനെ ആവശ്യക്കാരന്‍ എന്ന രീതിയില്‍ പരിചയപ്പെടുത്തിയാണ് പ്രതികളുടെ അടുത്തെത്തിയത്. പ്രതികളുമായി ഇടപാടിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് ഒരു രഹസ്യ പൊലീസുകാരന്‍ ബന്ധപ്പെട്ടു. പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനെന്നു പറഞ്ഞ് പ്രതികളെ ഒരു സ്ഥലത്ത് എത്തിക്കുകയും ഇവിടെ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ക്രോസ് ഡ്രസ്സിങ്ങ്, ആളുകളെ ചതിക്കുന്നതിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഓണ്‍ലൈന്‍ നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് വീണ്ടും മേയ് മാസം പരിഗണിക്കും.