Friday, April 19, 2024
HomeCrimeഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ബലാത്സംഗം ഉള്‍പ്പെടെ 5 കേസുകള്‍ ചുമത്തിയതായാണ് സൂചന. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. പ്രകൃതി വിരുദ്ധ പീഡനം. ലെെംഗീക ചുഷണത്തിന് മേലധികാരം ഉപയോഗിച്ചു. അന്യായമായി തടഞ്ഞുവച്ചു. ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച്‌ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേട്ടുമാര്‍ എന്നിവരും ഉള്‍പ്പെടും.നാളെ പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഡി.ജി.പി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിലേക്ക് പോകാന്‍ തയ്യാറെടുക്കവേയാണ് തീരുമാനം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കഴിഞ്ഞ മാസം കുറ്റപത്രം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്. കുറ്റപത്രത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തിരുത്തുകള്‍ വരുത്താന്‍ പൊലീസിനോട് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്നാണ് തിരുത്ത് വരുത്തി വീണ്ടും കുറ്റപത്രം തയ്യാറാക്കിയത്. ബലാത്സംഗം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീമാര്‍ സമരമിരുന്നതോടെ പൊതുസമൂഹവും പിന്തുണയുമായെത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റുണ്ടായെങ്കിലും തുടര്‍നടപടികള്‍ക്ക് വേഗതയുണ്ടായില്ല. കുറ്റപ്പത്രം നവംബറില്‍ തന്നെ തയ്യാറാക്കിയെന്നാണ് അന്വേഷണ സംഘംഅവകാശപ്പെടുന്നത്. എന്നാല്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങള്‍ പിന്നെയും താമസിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments