പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 8) ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍  നിന്ന് എത്തിയ ഐരൂര്‍ സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്.  ഇയാള്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനിലാണ്.  മാര്‍ച്ച് 21 ന് വൈകിട്ട് 6.45ന് ദുബായില്‍ നിന്ന് എമിറേറ്റ്‌സ് ഫ്ളൈറ്റ് നമ്പര്‍ ഇകെ 568 സീറ്റ് നമ്പര്‍ 39 കെ യില്‍ യാത്രതിരിച്ച ഇയാള്‍ 22ന് പുലര്‍ച്ചെ 2.55 ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍  ഇറങ്ങി. എയര്‍പോര്‍ട്ട് അതോറിറ്റി ആകാശ് ഹോസ്പിറ്റലില്‍ എത്തിക്കുകയും അവിടെ നിന്ന് രാവിലെ 8.50ന് ഇന്‍ഡിഗോ ഫ്‌ളൈറ്റ് നമ്പര്‍ ജിഇ 379 സീറ്റ് നമ്പര്‍ 5 സി യില്‍ യാത്ര തിരിച്ച് രാവിലെ 10 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി.ഉച്ചയ്ക്ക്  12.45 ന് പത്തനംതിട്ട ഇടപ്പാവൂരെത്തി. ഇടപ്പാവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍  പ്രവേശിച്ചു. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുമ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. എന്നാല്‍ ഇയാള്‍ കോവിഡ് ഹോട്ട് സ്‌പോട്ടായ ദുബായില്‍ നിന്ന് എത്തിയതിനാലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 4 പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ക്ലോസ് കോണ്ടാക്ടായി ഒരു നായയേയും കണ്ടെത്തിയിട്ടുണ്ട്.  എമിറേറ്റ്‌സ്  വിമാനത്തില്‍ യാത്ര ചെയ്ത കേരളത്തിലെ നാല് പേര്‍ക്ക് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് രണ്ടാമത്തെ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.