ലോക്ക്ഡൗണ്‍ നിബന്ധകള്‍ ലംഘിച്ച് കൂട്ടം കൂടിയതിനും, കടകള്‍ തുറന്നതിനും, വാഹനങ്ങള്‍ നിരത്തിലിറക്കിയതിനും പുതുതായി 440 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആകെ 444 പ്രതികളെ അറസ്റ്റ് ചെയ്യുകയും 348 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ക്വാറന്റൈന്‍ ലംഘിച്ചതിന് എടുത്ത ഒരു കേസ് ഉള്‍പ്പെടെയാണിത്. വിലക്കുകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുന്നതിനൊപ്പം, ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം അവശ്യ മരുന്നുകള്‍ തുടങ്ങിയവ എത്തിച്ചും, സംഗീത പരിപാടികള്‍ അവതരിപ്പിച്ചും ജില്ലാ പോലീസ് ശ്രദ്ധ നേടുകയാണ്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ലോക്ക്ഡൗണ്‍ നിബന്ധനകള്‍ അംഗീകരിച്ച് കഴിഞ്ഞുകൂടുന്ന ജനങ്ങളുടെ വിവിധ ആവശ്യങ്ങളറിഞ്ഞ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പോലീസ് എത്തുന്നു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധസംഘടനകളെയും, സ്ഥാപനങ്ങളെയും, പ്രമുഖ വ്യക്തികളെയും സഹകരിപ്പിച്ച് സേവനങ്ങള്‍ നല്‍കി വരുന്നു. റാന്നിയില്‍ കോവിഡ്-19 ബാധിച്ച ഒഴുവാന്‍പാറ ജണ്ടായിക്കല്‍ മേല്‍ത്തട്ട് പട്ടികജാതി കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും ജില്ലാ ജനമൈത്രി നോഡല്‍ ഓഫീസറും സി ബ്രാഞ്ച് ഡിവൈഎസ്പിയുമായ ആര്‍. സുധാകരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു.വെച്ചൂച്ചിറ ജനമൈത്രി പോലീസ് കിടപ്പുരോഗികള്‍ക്കും സാമ്പത്തകമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും പലവ്യഞ്ജന കിറ്റുകള്‍ എത്തിച്ചു. ഡിവൈഎസ്പിക്കൊപ്പം വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍. സുരേഷ്, എസ്.ഐ. നൗഷാദ്, ബീറ്റ് ഓഫീസര്‍മാരായ ശ്യാം മോഹന്‍, മഹേഷ് എന്നിവരും ഉണ്ടായിരുന്നു. പത്തനംതിട്ട ജനമൈത്രി പോലീസും വെള്ളപ്പാറ വാര്‍ഡംഗവും ചേര്‍ന്ന് വെള്ളപ്പാറയില്‍ പച്ചക്കറി കിറ്റുകള്‍ എത്തിച്ചു. കുമ്പഴ സൂര്യ റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ന്യൂമാന്‍ ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും, വേണ്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു വരുന്നു. വിലക്കുകള്‍ ലംഘിച്ച് അനാവശ്യയാത്രകള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ അവസാനിക്കാതെ വിട്ടുകൊടുക്കില്ലെന്നും, നിയമലംഘനങ്ങള്‍ കര്‍ശനമായി തടയുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.