സർക്കാരുമായി നിയമയുദ്ധം നടത്തി പുനർനിയമനം ലഭിച്ച സെൻകുമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

pinarayi - senkumar

സർക്കാരുമായി നിയമയുദ്ധം നടത്തി സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമനം ലഭിച്ച ടി.പി.സെൻകുമാർ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി ആദ്യത്തെ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നാലരയ്ക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽവച്ചാണ് കൂടിക്കാഴ്ച. സർക്കാരിന്റെ പൊലീസ് നയം സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ട്.

സുപ്രീം കോടതി വിധി അനുസരിച്ചു ഡിജിപിയായി പുനർ നിയമനം ലഭിച്ച ടി.പി.സെൻകുമാറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ കൂടിക്കാഴ്ച നടത്താതിരുന്നത് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. അതേസമയം, വെള്ളിയാഴ്ച രാത്രി ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റയും ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.

ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിയായി നിയമിതനായ ടോമിൻ തച്ചങ്കരിയുമായും ശനിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമസഭയിലും മറ്റും നൽകുന്ന ഉത്തരങ്ങൾ കൃത്യമായിരിക്കണമെന്നു ഡിജിപി: ടി.പി. സെൻകുമാർ ഇന്നലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ചുമതലയേറ്റെടുത്ത ദിവസം തന്നെ അദ്ദേഹം പൊലീസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു നൽകിയ മറുപടികൾ പരിശോധിച്ചിരുന്നു. അവ്യക്തവും പൂർണമല്ലാത്തതുമായ മറുപടികളാണു നൽകിയിരിക്കുന്നതെന്നു മനസ്സിലാക്കിയാണു പ്രത്യേക നിർദേശം നൽകിയത്.