പാകിസ്ഥാനിലെ ഒരു പള്ളിയിൽ സ്ഫോടനം; 9 പേര്‍ കൊല്ലപ്പെട്ടു

pak blast

പാകിസ്ഥാനിലെ ഒരു പള്ളിയിൽ സ്ഫോടനം. 9 പേര്‍ തൽക്ഷണം കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ ഡാറ്റ ദര്‍ബാര്‍ എന്ന സൂഫി പള്ളിയിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 3 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ലാഹോര്‍ പോലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡി.ഐ.ജി അഷ്ഫാഖ് അഹമ്മദ് ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോലീസ് വാഹനത്തെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്.പരിക്കേറ്റവരെ ലാഹോറിലെ മായോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പള്ളിയിലേക്ക് പ്രവേശിക്കാനുള്ള രണ്ടാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ 8 പേരുടെ നില ഗുരുതരമാണെന്ന് ലാഹോര്‍ എസ്.പി സയ്യീദ് ഗസന്‍ഫര്‍ ഷാ പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവസമയത്ത് ആരാധനാലയത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തീര്‍ഥാടകര്‍ ഉണ്ടായിരുന്നതായി പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. ദക്ഷിണേഷ്യയിലെ പ്രധാന സൂഫി ആരാധനാലയത്തിലാണ് ദാരുണമായ സംഭവം നടന്നത്. സ്ത്രീ സന്ദര്‍ശകര്‍ എത്തുന്ന വാതിലിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. 2010ല്‍ ഇതേ സ്ഥലത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.