മോദിക്കെതിരായ മാവോയിസ്റ്റ് വധഭീഷണി ജനപിന്തുണ കുറയുമ്പോൾ ഉള്ള പതിവ് തന്ത്രം ; കോൺഗ്രസ്

മോദി

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ മാവോയിസ്റ്റ് വധഭീഷണി തട്ടിപ്പെന്ന് കോണ്‍ഗ്രസ്. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ മോഡിയേയും വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ജനപിന്തുണ കുറയുമ്ബോഴുള്ള മോഡിയുടെ പതിവ് തന്ത്രമാണ് വധഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പ്രതികരിച്ചു.ഇത് മോഡി മുഖ്യമന്ത്രിയായ കാലം തൊട്ടേ പുറത്തിറക്കുന്ന തന്ത്രമാണ്. എന്നെല്ലാം ജനവികാരം മോഡിക്ക് എതിരായി വന്നിട്ടുണ്ടോ അന്നൊക്കെ വധഭീഷണി എന്ന വാര്‍ത്തയും ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ഈ വാര്‍ത്തയിലെ സത്യാവസ്ഥ അന്വേഷിക്കണമെന്നും സഞ്ജയ് നിരുപം പറഞ്ഞു.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ കൊലപ്പെടുത്തിയ മാതൃകയില്‍ മോഡിയെ വധിക്കാനുള്ള പദ്ധതി മാവോയിസ്റ്റുകള്‍ തയ്യാറാക്കിയെന്നായിരുന്നു വാര്‍ത്ത. പൂനെ പോലീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മാവോയിസ്റ്റ് അനുഭാവികളില്‍ ഒരാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പദ്ധതിയുടെ വിശദവിവരങ്ങള്‍ ലഭിച്ചുവെന്നാണ് പോലീസ് വാദം.റോണ ജേക്കബ് വില്‍സണ്‍, അഡ്വ. സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റാവത്ത്, സുധീര്‍ ധവാലെ എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. റോണ ജേക്കബ് മലയാളിയാണ്. കമ്മറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റക്കല്‍ പ്രിസണേഴ്‌സ് എന്ന സംഘടയുടെ പി.ആര്‍.ഒയാണ് റോണ. യു.എ.പി.എ, അഫ്‌സ്പ തുടങ്ങിയ നിയമങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.സുധീര്‍ ധവാലെ ദളിത് ആക്ടിവിസ്റ്റും മറാത്ത മാഗസിനായ വിദ്രോഹിയുടെ എഡിറ്ററുമാണ്. സുരേന്ദ്ര ഗാഡ്‌ലിംഗ് നാഗ്പുരിലെ അഭിഭാഷകനാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേഴ്‌സിന്റെ ജനറല്‍ സെക്രട്ടറിയുമാണ്. ദളിത് ആക്ടിവിസ്റ്റും മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കുന്നയാളുമാണ്. ഷോമ സെന്‍ നാഗ്പൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. മഹേഷ് റാവത്തും ആക്ടിവിസ്റ്റാണ്.