യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നു യുവതി പറഞ്ഞ വീഡിയോ പ്രചരിപ്പിച്ചയാളിനെതിരെ കേസ്

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.

യുപിയിലെ പ്രശാന്ത് കനോജിയ എന്നയാള്‍ക്കെതിരെയാണ് ഹസ്റത്ഗഞ്ച് പോലീസ് കേസെടുത്തത്. ഇവിടുത്തെ തന്നെ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

യോഗിക്കെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപകരമായ രീതിയിലാണ് പ്രശാന്ത് പോസ്റ്റിട്ടതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. നിലവില്‍ ഇയാളെ തിരയുകയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം , ഈ വ്യക്തിയെ ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്‍റില്‍നിന്ന് അറസ്റ്റ് ചെയ്തെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുപി മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍വച്ച് ഒരു സ്ത്രീ മുഖ്യമന്ത്രിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്നതാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ് നടന്നത്.