വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; വാഹനം ഓടിച്ചത് അർജുൻ തന്നെയെന്ന് പ്രകാശ് തമ്പി

balabhasker

വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽ മരിച്ച വാഹനം ഓടിച്ചത് അർജുൻ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി. ആശുപത്രിയിൽ കിടന്നപ്പോൾ അർജുൻ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ മൊഴി മാറ്റിയ ശേഷം അർജുൻ തന്നെ പിന്നെ വിളിച്ചിട്ടില്ലെന്നും പ്രകാശ് തമ്പി വ്യക്തമാക്കി.

ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ ജയിലിലെത്തി എടുത്ത മൊഴിയിലാണ് പ്രകാശ് തമ്പിയുടെ വെളിപ്പെടുത്തൽ.

ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പ്രകാശ് തമ്പി പറഞ്ഞു. മൊഴി മാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നു മാസത്തിലേറെയായി അർജുനുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി വ്യക്തമാക്കി.

അപകടത്തിന് മുൻപ് ബാലഭാസ്കർ കയറിയ ജ്യൂസ് കടയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അപകട സമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങൾ.

പാലക്കാട്ടെ ആയുർവേദ ഡോക്റ്ററാണ് അപകടവിവരം വിളിച്ചറിയച്ചത്. ആശുപത്രിയിൽ ആദ്യം എത്തിയത് താനും ഡോക്റ്ററുടെ മകൻ ജിഷ്ണുവുമാണ്.

പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്കറിന് സാമ്പത്തിക ബന്ധം ഉണ്ടെന്നും പ്രകാശ് മൊഴി നൽകി. തനിക്ക് സ്വർണക്കടത്തിൽ ബന്ധമില്ലെന്ന മൊഴി പ്രകാശ് തമ്പി ആവർത്തിച്ചു. വിഷ്ണുവിന്‍റെ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി മാത്രമാണ് ദുബായിൽ പോയത്.

2013-ലും 2014-ലും ബാലഭാസ്കറിനൊപ്പം ദുബായിൽ ഷോ നടത്താനായി പോയിരുന്നു. ആശുപത്രിയിലായിരു ന്നപ്പോൾ അവരുടെ എടിഎം കാർഡുകളും ക്രെഡിറ്റ് കാർഡുകളും തന്‍റെ പക്കലായിരുന്നു. പിന്നെ അതെല്ലാം ലക്ഷ്മിക്ക് തിരികെ നൽകി.

ഓരോ പരിപാടികൾ കഴിയുമ്പോഴും പതിനായിരമോ, പതിനയ്യായിരമോ രൂപ ബാലഭാസ്ക‌ർ തരും. അതല്ലാതെ തനിക്ക് ബാലഭാസ്കറുമായി യാതൊരു പണമിടപാടുകളും ഉണ്ടായിരുന്നില്ലെന്നും പ്രകാശ് തമ്പി പറഞ്ഞു.