പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടിയെ സ്വന്തം സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതി അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ജീവന്‍ പോലും അപകടത്തിലായ നിലയില്‍ പ്രസവത്തിന് തയ്യാറെടുക്കുകയാണ്, പീഡനത്തിനിരയായ പെണ്‍കുട്ടി. പെണ്‍കുട്ടി 22 ആഴ്ച ഗര്‍ഭിണിയാണിപ്പോള്‍. കൊച്ചിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗും ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായതിനാല്‍ കോടതിയുടെ അനുമതിയോടെ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പെണ്‍കുട്ടിയുടെ പ്രായക്കുറവും ശാരീരിക ബലഹീനതയുമാണ് ഇതിന് കാരണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വ്യക്തമാക്കി.
പെണ്‍കുട്ടി പ്രസവിച്ച ശേഷം കുട്ടിയെ ദത്ത് നല്‍കുന്നതടക്കം മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിലപാട്. പെണ്‍കുട്ടിക്കും സഹോദരനും അമ്മ മാത്രമേയുള്ളൂ. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അറസ്റ്റിലായ സഹോദരനെ അമ്മ തന്നെയാണ് ജാമ്യത്തിലിറക്കിയത്.