മുംബൈയിൽ വീണ്ടും കനത്ത മഴ

rain

ഇടവേളയ്ക്ക് ശേഷം മുംബൈയിൽ വീണ്ടും കനത്ത മഴ. മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിൻറെ പ്രവർത്തനം ഭാഗീകമായി തടസപ്പെട്ടു .റോഡ്-റയിൽ ഗതാഗതത്തെയും മഴ ബാധിച്ചു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേയില്‍ കാഴ്ച്ച തടസ്സം നേരിട്ടു. ഇതേ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ ഹൈദരാബാദിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ചു വിട്ടു. വിമാനസര്‍വ്വീസുകള്‍ വൈകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്.

ലോക്കൽ ട്രെയിൻ സർവീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. നഗരത്തിന്റെ പ്രധാന പാതയായ വെസ്റ്റേൺ ഹൈവെയിൽ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

അന്ധേരിയിൽ മതിൽ തകർന്ന് ഒരാൾക്ക് പരിക്കേറ്റു. നവി മുബൈയിൽ വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കി.ശക്തിയേറിയ തിരകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ച അഞ്ചു ദിവസം തുടർച്ചയായ പെയ്ത മഴ മഹാരാഷ്ട്രയില്‍ എങ്ങും കനത്ത നാശം വിതച്ചിരുന്നു. കൊങ്കണിലെ തിവാരെ അണക്കെട്ട് ദുരന്തത്തിൽ കാണാതായ നാലുപേർക്കായി ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുകയാണ്.