അമ്പലത്തില്‍ ദര്‍ശനം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

cpm flag

ഭക്തിയും ദൈവവിശ്വാസവും സിപിഎമ്മില്‍ വീണ്ടും വിവാദമാകുന്നു. അമ്പലത്തില്‍ പാര്‍ട്ടിയെ അറിയിക്കാതെ ദര്‍ശനം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. സിപിഎം വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പികെ ബേബിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി മേല്‍ഘടകത്തെ അറിയിക്കാതെ ആയിരുന്നു ബേബിയുടെ മൂകാംബിക സന്ദര്‍ശനം. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ് പാര്‍ട്ടി നേതൃത്വം തന്നോട് വിഷയം സംസാരിക്കുകയോ വിശദീകരണം ചോദിക്കുകയൊ ഉണ്ടായിട്ടില്ലെന്ന് ബേബി പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും അച്ചടക്ക ലംഘനം കാട്ടി എന്നുമാണ് സസ്‌പെന്‍ഷന് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ വ്യക്തമായ കാരണം പറയുന്നില്ല.ജൂണ്‍ 27നാണ് സുഹൃത്തുക്കള്‍ക്കൊപ്പം ബേബി മൂകാംബികയില്‍ ദര്‍ശനത്തിന് പോയത്. രണ്ട് ദിവസം സ്ഥലത്ത് ഉണ്ടാകില്ല എന്ന് മാത്രമാണ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നത്. അമ്പലത്തിലേക്കാണ് പോകുന്നത് എന്ന വിവരം പറഞ്ഞിരുന്നില്ല. ഇതാണ് പുറത്താക്കാനുളള കാരണമെന്ന് ബേബി വിശദീകരിക്കുന്നു. മൂകാംബികയില്‍ പോയ സംഘത്തിലെ പാര്‍ട്ടി അംഗങ്ങളായ മറ്റ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഒരു മതത്തില്‍ പെട്ടവരുടേയും ആരാധനാ സ്വാതന്ത്ര്യം പാര്‍ട്ടി ഇതുവരെ വിലക്കിയിട്ടില്ലെന്നും ബേബി പറയുന്നു. മൂകാംബികയില്‍ പോയതിനല്ല ബേബിക്കെതിരെ നടപടിയെടുത്തത് എന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി സ്ഥലത്ത് നിന്നും മാറി നില്‍ക്കുമ്പോള്‍ വിവരം പാര്‍ട്ടി മേല്‍ഘടകത്തെ അറിയിക്കാത്തതിനാണ് നടപടിയെന്നും വെള്ളറട ഏരിയ സെക്രട്ടറി ഡികെ ശശി വ്യക്തമാക്കി.