അമേരിക്കയെയും ലോകത്തെയും ഒരുപോലെ നടുക്കിയ 9/11 വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തില്‍ മരിച്ചവരില്‍ ഒരാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു. പുതിയ ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത പുരുഷന്റെ വിശദാംശമാണ് അധികൃതര്‍ക്ക് ലഭിച്ചത്. എന്നാൽ കുടുംബത്തിന്റെ അഭ്യർഥനയെ മാനിച്ച് ഇദ്ദേഹത്തിന്റെ പേരു വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
2001 ല്‍ ശേഖരിച്ച ഡിഎന്‍എ യുടെ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തിയ ന്യൂയോര്‍ക്ക് സിറ്റിയുടെ ചീഫ് മെഡിക്കല്‍ എക്സാമിനര്‍ ഓഫീസാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞ പുരുഷന് ആരാണെന്ന് കണ്ടെത്തിയത്. 2753 പേര് കൊല്ലപ്പെട്ട ദുരന്തത്തില്‍ തിരിച്ചറിയപ്പെടുന്ന 1641-മത്തെ വ്യക്തിയാണിത്. 2015 മാര്‍ച്ചിലാണ് ഇതിനു മുമ്പ് ഇവിടെ കൊല്ലപ്പെട്ട ഒരാളെ തിരിച്ചറഞ്ഞത്.
2001 സെപ്റ്റംബർ 11നാണ് അമേരിക്കയുടെ അഭിമാനമായിരുന്ന ട്വിൻ ടവർ അല്‍ ക്വയ്ദയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത്. 2001ലും 2002ലും ദുരന്ത ഭൂമിയില്‍ നടത്തിയ പരിശോധനകളില്‍ ലഭിച്ച മനുഷ്യാവശിഷ്ടങ്ങളില് ഡിഎന്‍എ പരിശോധന നടത്തി നിരവധി പേരുടെ വിശദാംശം ശേഖരിച്ചിരുന്നു.