മന്ത്രവാദിയായ കൃഷ്ണന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊല നടത്താന്‍ ഒരു ജ്യോത്സന്‍ ഉപദേശിച്ചിരുന്നു!

vannapuram murder

മന്ത്രവാദിയായ കൃഷ്ണന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊലയെക്കുറിച്ച്‌ അവിശ്വസനീയമായ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.ഒരു ജ്യോത്സന്‍ ആണ് കൊല നടത്താന്‍ ഉപദേശിച്ചതെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിരിക്കുന്നു. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന്റെ ശിഷ്യന്‍ അനീഷും സുഹൃത്ത് ലിബീഷുമാണ് ഇതുവരെ പോലീസ് പിടിയിലായിരിക്കുന്നത്. എന്നാല്‍ കേസ് ഇവരില്‍ ഒതുങ്ങുമെന്ന് കരുതിന്നില്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. കൂട്ടക്കൊലക്കേസില്‍ ഇനിയും കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്ന് പോലീസ് പറയുന്നു. ഇനിയും കേസില്‍ വഴിത്തിരിവ് ഉണ്ടായേക്കുമെന്ന സൂചനയാണ് ഇടുക്കി എസ്പി കെബി വേണുഗോപാലിന്റെ വാക്കുകളിലുള്ളത്. രണ്ട് ദിവസം മുന്‍പാണ് അടിമാലിയിലെ ചിലരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൊടുപുഴ കൂട്ടക്കൊല നടത്തിയ പ്രതികളിലൊരാളായ ലിബീഷിനെ പോലീസ് പിടികൂടിയത്. പിന്നാലെ മുഖ്യപ്രതിയായ അനീഷും കാളിയാര്‍ പോലീസിന്റെ വലയിലായി. അനീഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒരു ജ്യോത്സ്യന്റെ സാന്നിധ്യം കൊലക്കേസില്‍ പോലീസിന് പിടികിട്ടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിമാലിയില്‍ തന്നെയുള്ള വ്യക്തിയാണ് അത്യാവശ്യം പ്രശസ്തനായ ഈ ജ്യോത്സന്‍. കൂട്ടക്കൊല നടത്താന്‍ ഇറങ്ങിപ്പുറപ്പെടും മുന്‍പ് അനീഷും ലിബീഷും ഈ ജ്യോത്സനെ പോയിക്കണ്ടിരുന്നു. ഈ സമയത്ത് കൊലപാതകം നടത്തിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അറിയാനായിരുന്നുവത്രേ ജ്യോത്സനെ കണ്ടത്. കൊല നടത്തിയാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമോ എന്നും അറിയണമായിരുന്നു.കൊല നടത്തിയാല്‍ കുഴപ്പമില്ല എന്ന ഉപദേശമാണ് അനീഷിനും ലിബീഷിനും ഈ ജ്യോത്സ്യന്‍ നല്‍കിയത്. കൊല നടത്തേണ്ട സമയം ഇവര്‍ക്ക് ഗണിച്ച്‌ നല്‍കിയതും ഈ ജ്യോത്സനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം ചെയ്താല്‍ തന്നെയും പോലീസ് പിടിക്കില്ല എന്ന ആത്മവിശ്വാസവും ഈ ജ്യോത്സ്യനില്‍ നിന്നാണ് അനീഷിനും ലിബീഷിനും ലഭിച്ചതെന്നും പോലീസ് പറയുന്നു.ഈ ജ്യോത്സനും കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന് എസ്പി കെബി വേണുഗോപാല്‍ വ്യക്തമാക്കി. മാത്രമല്ല കൃഷ്ണനെയും കുടുംബത്തേയും കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ സ്വകാര്യപണയ സ്ഥാപനത്തില്‍ പണയം വെയ്ക്കുന്നതിന് സഹായം നല്‍കിയ വ്യക്തിയേയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളേയും കേസില്‍ പ്രതി ചേര്‍ത്തേക്കും.അതി ഭീകരമായ തരത്തില്‍ കൊല നടത്തിയ ശേഷവും പ്രതികള്‍ മൃതദേഹങ്ങളെ വെറുതെ വിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. അമ്മയേയും മകളേയും പ്രതികള്‍ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അത് മാത്രമല്ല കൊലയാളികള്‍ മൃതദേഹത്തോട് ചെയ്തത് എന്നാണ് ഇടുക്കി പോലീസ് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.കൊലപ്പെടുത്തുകയും ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ചെയ്ത ശേഷം നാല് മൃതദേഹങ്ങളും വീട്ടിന് പിറകില്‍ കുഴിയെടുത്താണ് കുഴിച്ച്‌ മൂടിയത്. അതിന് മുന്‍പ് മൃതദേഹങ്ങളുടെ മുഖത്ത് ആസിഡ് ഒഴിച്ച്‌ പ്രതികള്‍ വികൃതമാക്കിയെന്നും പോലീസ് പറയുന്നു. കൃഷ്ണനെ മാത്രം കൊലപ്പെടുകയെന്നതായിരുന്നു ലക്ഷ്യമെന്നും അനീഷ് മൊഴി നല്‍കിയതായി വിവരമുണ്ട്.അനീഷിന് കൃഷ്ണനോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമക്കുന്നു. അനീഷ് ആദ്യമായി കൃഷ്ണനിലേക്ക് എത്തുന്നത് മറ്റൊരു സുഹൃത്ത് വഴിയാണ്. വിവാഹം നടക്കുന്നതിന് വേണ്ടായിണ് മന്ത്രവാദിയായ കൃഷ്ണന്റെ പക്കലേക്ക് അനീഷിനെ കൃഷ്ണകുമാര്‍ എന്ന സുഹൃത്ത് എത്തിച്ചത്. ആ പരിചയം വളര്‍ന്ന് അനീഷ് കൃഷ്ണന്റെ ശിഷ്യനായി മാറി. എന്നാല്‍ കൃഷ്ണന്‍ അനീഷിനെ പലതും പറഞ്ഞ് പറ്റിച്ച്‌ മുപ്പതിനായിരത്തോളം രൂപ സ്വന്തം പോക്കറ്റിലാക്കി. അത് മാത്രമല്ല മറ്റ് മന്ത്രവാദികളില്‍ നിന്നും അനീഷ് പഠിച്ചെടുത്ത ചില മന്ത്രവിദ്യകളും കൃഷ്ണന്‍ സൂത്രത്തില്‍ സ്വായത്തമാക്കി മാറ്റി. ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ടതോടെയാണ് അനീഷിന് കൃഷ്ണനോട് പക തോന്നിത്തുടങ്ങിയത്.കൃഷ്ണനെ ഇല്ലാതാക്കാന്‍ തന്നെ അനീഷ് തീരുമാനിച്ച്‌ ഉറപ്പിച്ചു. കൊലപ്പെടുത്തി കൃഷ്ണന്റെ മന്ത്രശക്തിയും തന്നില്‍ നിന്നുമെടുത്ത മന്ത്രശക്തിയും സ്വന്തമാക്കുക എന്നതും കൃഷ്ണന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നതുമായിരുന്നു ലക്ഷ്യം. കൂട്ടക്കൊലയുടെ തെളിവുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഭാര്യയേയും രണ്ട് മക്കളേയും കൂടി കൊലപ്പെടുത്തിയത് എന്നും പോലീസ് പറയുന്നു.കൃഷ്ണന്റെ വീട്ടില്‍ നിന്നും കൊലയാളികള്‍ കൈവശപ്പെടുത്തിയ താളിയോലകളും സ്വര്‍ണാഭരണങ്ങളും പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്. ഇവ അനീഷിന്റെ വീട്ടിലുണ്ടെന്നാണ് സൂചന. പ്രതികളെ മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ കൂടുതല്‍ പേര്‍ സഹായിച്ചിട്ടുണ്ടോ എന്നതും പോലീസ് സംശയിക്കുന്നുണ്ട്. ഇനിയും വഴിത്തിരിവുകളുണ്ടായാല്‍ കേസില്‍ ഒന്നും രണ്ടും പ്രതിസ്ഥാനത്ത് ഉള്ളവര്‍ മാറിയേക്കുമെന്നും പോലീസ് പറയുന്നു.