ഇ പി ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയെന്ന് സൂചന

ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ഇ.പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് സൂചന. വെള്ളിയാഴ്ച സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് സിപിഐയുമായി സിപിഎം വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലായിരുന്നു ഇ പി ജയരാജന്‍. എ.കെ.ശശീന്ദ്രനു ലഭിച്ച നീതി ഇ.പിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര്‍ വാദിച്ചിരുന്നു. ജയരാജനെ മടക്കിക്കൊണ്ടുവന്നാല്‍ ഒരു മന്ത്രികൂടി സിപിഎമ്മിന് അധികമാകും. അങ്ങനെയായാല്‍ തങ്ങള്‍ക്കും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സിപിഐ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ മുമ്പ് ഭരിച്ചിരുന്ന വ്യവസായ വകുപ്പ് തന്നെ ലഭിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജയരാജന്റെ ഒഴിവില്‍ മന്ത്രിസഭയില്‍ എത്തിയ എം.എം.മണിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരുന്നത്. വ്യവസായ വകുപ്പ് എ.സി.മൊയ്തീനെ മുഖ്യമന്ത്രി ഏല്‍പ്പിക്കുകയും ചെയ്തു. ജയരാജന് ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന് പ്രധാന വകുപ്പുകളില്‍ ഒന്ന് ലഭിക്കുമെന്ന് ഉറപ്പാണ്.