ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;303 കിലോയുടെ വ്യാജ സ്വര്‍ണ്ണം കണ്ടെത്തി

gold thattippu

ബെംഗലുരുവിലെ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്താനായി ഉപയോഗിച്ച 303 കിലോയുടെ വ്യാജ സ്വര്‍ണ്ണം കണ്ടെത്തി. ഐഎംഎ പോണ്‍സി തട്ടിപ്പുകേസില്‍ അന്വേഷണം നടത്തുന്ന സംഘം ഗ്രൂപ്പ് ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ കെട്ടിടത്തിലെ സ്വിമ്മിങ് പൂളിനടിയില്‍ ഒളിപ്പിച്ചിരുന്ന വ്യാജ സ്വര്‍ണക്കട്ടികളാണ് പിടിച്ചെടുത്തത്.

കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ഈ സ്വര്‍ണ്ണക്കട്ടികള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍

ബെംഗളൂരുവിലെ കെട്ടിടത്തിന്റെ ആറാം നിലയിലുള്ള നീന്തല്‍ക്കുളത്തിനടിയിലാണ് 5,880 വ്യാജ സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. വലിയ അളവില്‍ സ്വര്‍ണം കാട്ടിയാണ് തന്റെ കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ആളുകളെ പ്രലോഭിപ്പിച്ചിരുന്നത്.

തട്ടിപ്പു നടത്തി ഇന്ത്യ വിടുന്നതിനു മുമ്പ് മന്‍സൂര്‍ ഖാന്‍ സ്വിമ്മിങ് പൂളില്‍ ഒളിപ്പിച്ചതാണു വ്യാജ സ്വര്‍ണമെന്നാണു കരുതുന്നത്. ദുബായില്‍നിന്നു മടങ്ങിയെത്തിയ ഐഎംഎ ജുവല്‍സ് ഉടമ മന്‍സൂറിനെ കഴിഞ്ഞ മാസം ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറിന്റെ 209 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തു.

വിവിധ കമ്പനികള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിനു കേസും ചുമത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഐഎംഎയുടെ 12 ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 25 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ബി.ഇസഡ്. ബഷീറിനെ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ആര്‍. റോഷനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായിട്ടില്ല.