Friday, October 11, 2024
HomeKeralaഒന്നും ഓര്‍മ്മയില്ല; ശ്രീറാം വെങ്കട്ടരാമന്‌ മറവിരോഗം

ഒന്നും ഓര്‍മ്മയില്ല; ശ്രീറാം വെങ്കട്ടരാമന്‌ മറവിരോഗം

മദ്യപിച്ച്‌ കാറോടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഒന്നിനു പിന്നാലെ ഒന്നായി അസുഖങ്ങള്‍. റിമാന്റിലായ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ ഐസിയുവില്‍ തുടര്‍ന്നിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനം എടുത്തത്. ആരോഗ്യ നില മെച്ചപ്പെട്ടെന്ന് വിലയിരുത്തിയാണ് വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍, ഇതിനിടെ ശ്രീറാമിനു പുതിയ അസുഖമുണ്ടെന്നു കാട്ടി ഡോക്റ്റര്‍മാര്‍. ശ്രീറാമിനിപ്പോള്‍ റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച്‌ പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്റ്റര്‍മാരുടെ വാദം. ഒരു പക്ഷെ സംഭവത്തെ കുറിച്ച്‌ എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്ബോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിയുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അപൂര്‍മായി കേട്ട ഈ രോഗമെന്തെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

എന്നാല്‍ ഇത് കേസില്‍ നിന്നു രക്ഷപെടാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കേസ് സംബന്ധിച്ച്‌ ഇനി ശ്രീറാം നല്‍കുന്ന മൊഴിക്കൊന്നും നിയമപരമായി നിലനില്‍പ് ഉണ്ടാകില്ലെന്നാണു റിപ്പോര്‍ട്ട്. ഓര്‍മ ഇല്ലാത്ത വ്യക്തി പറഞ്ഞ കാര്യങ്ങളായി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചേക്കും. അതിനാല്‍ മദ്യപിച്ചതും കാറോടിച്ചതുമായ കാര്യങ്ങളില്‍ ഇനി ശ്രീറാമിന്റെ മൊഴി നിലനില്‍ക്കാനിടയില്ല. കേസ് അവസാനിച്ചു കഴിഞ്ഞാല്‍ രോഗം പൂര്‍ണമായി മാറിയെന്ന സര്‍ട്ടിഫിക്കെറ്റ് ഡോക്റ്റര്‍മാര്‍ക്ക് നല്‍കാനും ആകും. ഇതോടെ കേസില്‍ നിന്ന് രക്ഷപെടാന്‍ ശ്രീറാമിനാകും.

കെഎം ബഷീറിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ റിമാന്റിലായിട്ടും ശ്രാറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്നതും, വിവാദങ്ങള്‍ക്ക് ഒടുവില്‍ പൂജപ്പുര ജയിലിലേക്ക് അയച്ച ശ്രീറാമിനെ അതേ രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് ശ്രീറാമിനെ വീണ്ടും ട്രോമാ ഐസിയുവില്‍ ആക്കിയിരുന്നത്.

കേസില്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാന്‍ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മാത്രമല്ല അപകടമുണ്ടാക്കി മണിക്കൂറുകള്‍ക്ക് ശേഷവും രക്തപരിശോധന പോലും നടത്താന്‍ തയ്യാറാകാതെ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിന് പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. കോടതി ഹര്‍ജി വീണ്ടും നാളെ പരിഗണിക്കുന്നുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments