ബ്ലൂവെയ്ല്‍ ഗെയിം; പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു

suicide attempt

കഴിഞ്ഞ കുറച്ചു മാസമായി കൊലയാളി ഗെയിം ബ്ലുവെയില്‍ ഭീതിയിലാണ് ലോകം. ഗെയിമിനെ കുറിച്ചും മരണങ്ങളെ കുറിച്ചും വാര്‍ത്തകളുണ്ടായിട്ടും ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ഗെയിം കളി തുടരുകയാണ്. ഇന്ത്യയില്‍ തന്നെ ഇതിനോടകം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും ബ്ലൂവെയ്ല്‍ കളിച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ജീവനൊടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം റഷ്യയില്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബ്ലൂവെയ്ല്‍ ഗെയിമിന്റെ അവസാനത്തെ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനായാണ് പെണ്‍കുട്ടി ചാടിയതെന്നാണ് പോലീസ് നിഗമനം. എന്നാല്‍ താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് പെണ്‍കുട്ടി വീണത്. പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാടാന്‍ ശ്രമിക്കുന്നതിന്റെയും കാറിന് മുകളില്‍ വീഴുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേ സ്ഥലത്ത് തന്നെയാണ് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു പെണ്‍കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ആറു മാസത്തിനിടയില്‍ ബ്ലൂവെയ്ല്‍ കളിച്ച് 130 പേരാണ് റഷ്യയില്‍ മാത്രം ജീവനൊടുക്കിയത്. നിരവധിപേര്‍ കൊലയാളി ഗെയിമിനെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും കൗമാരക്കാരുടെ മരണം തടയാനായിട്ടില്ല. ഇപ്പോഴിതാ ഫെയ്‌സ്ബുക്കും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സ്വയം പീഡിപ്പിക്കല്‍, ആത്മഹത്യ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചുകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഹാഷ്ടാഗുകളും വാക്കുകളും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ സേഫ്റ്റി സെന്ററില്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്നൊരു ഭാഗം കൂടി പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യണമെന്ന് ചിന്തിക്കുന്നവരെയും അത്രത്തോളം വിഷാദം അനുഭവിക്കുന്നവരേയും അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും അത്തരം ചിന്തകളുള്ള സുഹൃത്തുക്കളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍, കൗമാരക്കാര്‍, അധ്യാപകര്‍, നിയമപാലകര്‍ എന്നിവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സേഫ്റ്റി സെന്ററില്‍ ഉണ്ട്. സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകായും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുമായ ബ്ലൂവെയ്ല്‍ ഗെയിം കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എത്ര കുട്ടികളാണ് ഈ ഗെയിം കാരണം മരണമടഞ്ഞത്. ഇന്ത്യയിലുള്‍പ്പടെ അടുത്തിടെ ഉണ്ടായ യുവാക്കളുടെയും കൗമാരക്കാരുടെയും ആത്മഹത്യകള്‍ ബ്ലൂവെയ്ല്‍ ഗെയിമുമായി ബന്ധപ്പെടുത്തിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷെ ഔദ്യോഗികമായി ഇത്തരം ഒരു ഗെയിം നിലനില്‍ക്കുന്നതായി കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. മുമ്പെ തന്നെ ആത്മഹത്യാ പ്രവണതയും നിരാശയും അനുഭവിച്ചിരുന്നവരാണ് ആത്മഹത്യ ചെയ്തിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സാഹചര്യത്തിലാണ് ആഗോള സോഷ്യല്‍ മീഡിയായ ഫെയ്‌സ്ബുക്ക് തന്നെ ഒരു ആത്മഹത്യാ പ്രതിരോധ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. റഷ്യയില്‍ ഏറെ പ്രചാരമുള്ള വികെ നെറ്റ് എന്ന സോഷ്യല്‍ മീഡിയയിലാണ് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയാ ചലഞ്ചുകളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യാ പ്രവണതയുള്ളവരും ദുര്‍ബല ഹൃദയരുമാണ് ഇത്തരം ചലഞ്ചുകളിലേക്ക് വീഴുന്നത്.