ഡല്‍ഹിക്കു സമീപം ഗുരുഗ്രാമിലെ സ്‌കൂള്‍ ടോയിലറ്റില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍. റിയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥുമന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്. പ്രഥുമന്‍ താക്കൂറിന്റെ കഴുത്ത് അറുത്ത നിലയിലായിരുന്നു. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ശുചിമുറി ഉപയോഗിക്കാന്‍പോയ മറ്റൊരു കുട്ടിയാണ് രാവിലെ എട്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഒരു വസ്ത്രവ്യാപാരസ്ഥാപനത്തിലെ ക്വാളിറ്റി മാനേജരായ വരുണാണ് പ്രഥുമന്റെ അച്ഛന്‍. പതിവ് പോലെ ഇയാള്‍ തന്നെയാണ് മകനെ സ്‌കൂളില്‍ കൊണ്ട് വിട്ടത്. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുമിത് കുഹാര്‍ അറിയിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറുവയസ്സുകാരനായ കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
സ്‌കൂള്‍ ടോയിലറ്റില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട നിലയിൽ
RELATED ARTICLES