മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹിം തലവനായ സംഘടന ദേരാ സച്ചാ സൗദയുടെ സിർസയിലെ ആസ്ഥാനത്ത് ഹരിയാന പൊലീസിന്റെ പരിശോധന. ദേരാ സച്ചാ സൗദ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച ശേഷമാണ് വൻ സന്നാഹങ്ങളോടെയുള്ള പരിശോധന. പരിശോധനയുടെ ഭാഗമായി വൻ സുരക്ഷാ സന്നാഹത്തെയാണ് സിർസയിൽ വിന്യസിച്ചിരിക്കുന്നത്. ആസ്ഥാനം സമ്പൂർണമായി ഒഴിപ്പിക്കാനാണ് നീക്കം. പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിയമിച്ച മുൻ ജഡ്ജി കൂടിയായ എ.കെ.എസ് പവാറിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്. ദേരാ സച്ചാ സൗദ ആസ്ഥാനം ‘ശുചീകരിക്കൽ’ എന്ന പ്രഖ്യാപനത്തോടെയാണ് പരിശോധന. പരിശോധനയും ഒഴിപ്പിക്കൽ നടപടിയും ഒരാഴ്ചയോളം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. പരിശോധന നടപടികൾ പൂർത്തിയാകുന്നതുവരെ കർഫ്യൂ തുടരും. മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് വിധിവന്ന ദിവസം ഉത്തരേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്. ദേരാ സച്ചാ സൗദാ ആസ്ഥാനത്ത് പരിശോധന നടത്തുന്നത് അനുയായികളെ പ്രകോപിപ്പിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. നടപടിയുടെ ഭാഗമായി സിർസ ജില്ലയിൽ ഈ മാസം 10 വരെ ഇന്റർനെറ്റിനും എസ്എംഎസിനും നിരോധനം ഏർപ്പെടുത്തി. പരിശോധനയ്ക്കെതിരെ ദേരാ സച്ചാ അനുയായികൾ സംഘടിക്കുന്നത് ഒഴിവാക്കാനാണിത്. ആശ്രമത്തിനുള്ളിലെ ഗുർമീതിന്റെ വസതിയിലെന്ന നിലയിൽ കുപ്രസിദ്ധമായ ‘ഗുഫ’യിലും പ്രത്യേകം പരിശോധന നടത്തും. അനുയായികളായിരുന്ന പെൺകുട്ടികളെ ഗുർമീത് പീഡിപ്പിച്ചിരുന്നത് ഇവിടെ വച്ചാണെന്നാണ് വെളിപ്പെടുത്തൽ.
അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് സിബിഐ പ്രത്യേക കോടതി ഗുർമീതിന് 20 വർഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ 38 പേരാണ് കൊല്ലപ്പെട്ടത്. കോടതി വിധി ഗുർമീതിന് എതിരായാൽ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികൾക്കിടയിൽ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഗുർമീതിനു സ്വന്തമായി കറൻസിയും?
പരിശോധനയ്ക്കിടെ ആശ്രമത്തിനുള്ളിലെ വ്യാപാര കേന്ദ്രത്തിൽനിന്ന് പ്ലാസ്റ്റിക് കറൻസികൾ കണ്ടെത്തിയത് ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. ആശ്രമത്തിനുള്ളിൽ മാത്രം ഉപയോഗിക്കുന്നതെന്ന് കരുതുന്ന ‘പ്ലാസ്റ്റിക് കറൻസി’കളാണ് കണ്ടെത്തിയത്. ആസ്ഥാനത്തെ ഓഫിസുകളിൽനിന്ന് കംപ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും പണവും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ദുരൂഹത തോന്നിയ ചില മുറികൾ അടച്ചു സീൽ ചെയ്തു. പ്രത്യേക ഫൊറൻസിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്.
41 അർധസൈനിക കമ്പനികളും, നാല് സൈനിക സംഘങ്ങളും ഡോഗ്, ബോംബ് സ്ക്വാഡുകളും നാൽപതോളം കമാൻഡോമാരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. നാലു ജില്ലകളിൽനിന്നുള്ള 5000ൽ അധികം പൊലീസുകാരെയാണ് പരിശോധനയുടെ ഭാഗമായി വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. പരിശോധനാ നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തുന്നുണ്ട്. ഇതിനായി അൻപതിലധികം വിഡിയോഗ്രഫർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂട്ടുകൾ പൊളിക്കുന്നതിൽ വിദഗ്ധരായ പത്തിലധികം പേരും സംഘത്തിലുണ്ട്. ആസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടണലുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഴിച്ചു പരിശോധിക്കാനുള്ള സൗകര്യങ്ങളും സിർസയിലെത്തിച്ചിട്ടുണ്ട്. ആസ്ഥാനത്തിനുള്ളിൽ കടന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായിട്ടാണ് ബോംബ് സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. അഗ്നിശമന സേനയും സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ട്. അടിയന്തര ഘട്ടത്തിൽ സഹായം തേടുന്നതിനായി ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊലീസ് ഉൾപ്പടെയുള്ളവർക്ക് പ്രവശനമില്ലാത്ത ദേരാ സച്ചാ സൗദയുടെ ആസ്ഥാനം എക്കാലത്തും വലിയ ദുരൂഹത ഒളിഞ്ഞിരിക്കുന്നിടമാണ്. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമം ആയിരം ഏക്കറിൽ പരന്നുകിടക്കുന്നു. സ്കൂളുകളും ആശുപത്രികളും സിനിമാശാലകളുമായി എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്. ഇതാണു ദേരാ സച്ചാ സൗദയുടെ ആസ്ഥാനം. ആയിരക്കണക്കിന് അനുയായികളാണ് ആശ്രമത്തിനുള്ളിൽ താമസിക്കുന്നത്. മാനഭംഗക്കേസിൽ ഗുർമീത് ശിക്ഷിക്കപ്പെട്ടതോടെ ഒട്ടേറെപ്പേർ ആശ്രമം വിട്ടുപോയിരുന്നു. ചിലരെ ജില്ലാ ഭരണകൂടം ഇടപെട്ട് ഇവിടെനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ആസ്ഥാനത്ത് പൊലീസ് പരിശോധന ഉറപ്പായതിനു പിന്നാലെ, ദേരാ സച്ചാ സൗദാ അനുയായികളുടെ മൃതദേങ്ങൾ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംഘടനയുടെ മുഖപത്രമായ ‘സാച്ച് കഹൂൻ’ രംഗത്തെത്തി. മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങൾ പുഴയിലും മറ്റും ഒഴുക്കുന്നത് മലിനീകരണത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഗുർമീത് റാം റഹിമാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ആസ്ഥാനത്തിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കിയതെന്നാണ് വെളിപ്പെടുത്തൽ.
ആശ്രമത്തിനുള്ളിൽ ഗുർമീതിന്റെ നടപടികളെ എതിര്‍ക്കുന്നവരെ അദ്ദേഹം കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ ആശ്രമത്തിനുള്ളിൽത്തന്നെ അടക്കം ചെയ്യുകയും ചെയ്യുന്നതായി വിവിധ കോണുകളിൽനിന്ന് ആരോപണം ഉയർന്നിരുന്നു. ഇതും പരിശോധനയുടെ ഭാഗമാണ്. അതിനിടെയാണ് മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങൾ ആശ്രമത്തിനുള്ളിൽ സംസ്കരിക്കുന്ന പതിവുണ്ടെന്ന വെളിപ്പെടുത്തൽ. പരിശോധന നടക്കുന്ന സാഹചര്യത്തിൽ സംയമനം പാലിച്ച് പൊലീസിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ ആസ്ഥാനത്തുള്ള അനുയായികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദേരാ സച്ചാ സൗദാ വക്താവ് വ്യക്തമാക്കി. നിയമാനുസൃതം മാത്രം പ്രവർത്തിക്കുന്ന സംഘടനയാണിതെന്നും സംഘടനാ വക്താവ് വിപാസ്സന ഇൻസാൻ വ്യക്തമാക്കി.