സുപ്രീം കോടതി കര്‍ശനമായി ഉത്തരവിട്ടതോടെ കൊച്ചിയിലെ വിവാദമായ മരട് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാതെ നിവൃത്തിയില്ലെന്ന് വന്നിരിക്കുകയാണ്. എന്നാല്‍ മരടിലെ ഫ്‌ളാറ്റ് സര്‍ക്കാര്‍ പൊളിക്കില്ല എന്ന് പറയുന്നു കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. ഫ്‌ളാറ്റ് പൊളിക്കില്ല എന്ന കാര്യത്തില്‍ ബെറ്റ് വെയ്ക്കാനുണ്ടോ എന്നും ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ഷോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ‘ആരെങ്കിലും ബെറ്റ് വെക്കുന്നോ ?
ഞാന്‍ പറയുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കില്ല എന്ന്…. അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം…. NB : അര്‍ഹമായ നഷ്ടപരിഹാരം ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്നും ഈടാക്കി അവര്‍ക്ക് നല്‍കുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട്’.
നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയ മരട് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനുളള സുപ്രീം കോടതി ഉത്തരവ് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഫ്‌ളാറ്റ് ഒഴിയാന്‍ തയ്യാറാവാതെ സമരത്തിലേക്കടക്കം ഫ്‌ളാറ്റ് ഉടമകള്‍ കടന്നു. സര്‍ക്കാരും ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ പോയെങ്കിലും ചീഫ് സെക്രട്ടറിക്ക് രൂക്ഷ വിമര്‍ശനമാണ് കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത്.