പ്രമോഷനായി പരീക്ഷ എഴുതിയ ജഡ്ജിമാരും അഭിഭാഷകരും തോറ്റു

judge

ഗുജറാത്തില്‍ പ്രമോഷനായി പരീക്ഷ എഴുതിയ ജഡ്ജിമാരും അഭിഭാഷകരും തോറ്റു. 40 ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയിലാണ് തോറ്റത്. ഗുജറാത്തിലെ 119 ജഡ്ജിമാരും 1372 അഭിഭാഷകരും പ്രമോഷന്‍ പരീക്ഷയില്‍ തോറ്റു.

തിങ്കളാഴ്ചയാണ് ഗുജറാത്ത് ഹൈക്കോടതി പരീക്ഷാഫലം പുറത്തുവിട്ടത്. 65 ശതമാനം ഒഴിവുകള്‍ നികത്താനായി സീനിയര്‍ സിവില്‍ ജഡ്ജിമാരെ സ്ഥാനക്കയറ്റം നല്‍കി ജില്ലാ ജഡ്ജിമാരായി നിയമിച്ചിരുന്നു.ബാക്കി വരുന്ന തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്.

40 ഒഴിവുകളില്‍ 26 എണ്ണത്തില്‍ പോസ്റ്റിംഗ് നടത്തി. ബാക്കി വരുന്ന 14 എണ്ണത്തിലേക്കാണ് പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷയില്‍ 110 ജുഡീഷ്യല്‍ ഓഫിസര്‍മാരടക്കം നിരവധി പേരാണ് പങ്കെടുത്തത്. 1372 അപേക്ഷകളാണ് ലഭിച്ചത്.

ഓണ്‍ലൈന്‍ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ 494 പേരെ എഴുത്ത് പരീക്ഷക്ക് തെരഞ്ഞെടുത്തു. ആഗസ്റ്റ് നാലിനായിരുന്നു എഴുത്തു പരീക്ഷ നടന്നത്. പരീക്ഷയെഴുതിയ 494 പേരില്‍ ഒരാള്‍ പോലും യോഗ്യത നേടിയിട്ടില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ എച്ച്‌ ഡി സുതര്‍ പറഞ്ഞു.