ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ നിലയ്ക്കലില്‍ വെച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ് വീണ്ടും എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിരോധനാജ്ഞ തുടരണോ എന്നതില്‍ കലക്ടര്‍ വൈകിട്ട് തീരുമാനമെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ സമരം. നിലയ്ക്കലിലെത്തിയ സംഘം പോലീസിന്റെ നോട്ടിസ് കൈപ്പറ്റാന്‍ തയാറാകാതെ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പെരുനാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.