ബഹറിനിലെത്തിയ മലയാളി കടലില്‍ മുങ്ങി മരിച്ചു. സൗദിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി, മിഷാല്‍ തോമസ് (37) ആണ് മരിച്ചത്. അവധി ആഘോഷിക്കാനായിരുന്നു കുടുംബവുമൊത്ത് മിഷാല്‍ ബഹറിനിൽ എത്തിയത്. പ്രമുഖ ബിസിനസ് സ്ഥാപനമായ ഇറാം ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാസ് അറേബ്യയുടെ ഡയറക്ടറാണ് മിഷാല്‍.
13 പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ബോട്ടിങ്ങിനു പോയതിനിടെയായിരുന്നു അപകടം സംഭവിച്ചത്. നീന്തലിനായി ബോട്ട് നിര്‍ത്തിയതിനിടെ കൂട്ടുകാരോടൊപ്പം കടലില്‍ ഇറങ്ങിയെങ്കിലും തിരികെ കയറാന്‍ സാധിച്ചില്ല. പവിഴപ്പുറ്റ് കാണാന്‍ പോയപ്പോള്‍ മിഷാല്‍ അവിടെ കുടുങ്ങി പോകുകയായിരുന്നു. ബോട്ടിങ് സംഘത്തില്‍ കുടുംബം ഉണ്ടായിരുന്നില്ല.
മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കൊപ്പമാണ് മിഷാല്‍ ബഹറിനിലെത്തിയത്. എന്നാല്‍ മിഷാല്‍ മാത്രമാണു ബോട്ടില്‍ കടലിലേക്കു പോയത്. മൃതദേഹം കിംഗ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.