വാത്സല്യനിധി ഇന്‍ഷുറന്‍സ് പദ്ധതിക്കു ജില്ലയില്‍ തുടക്കമായി സര്‍ക്കാര്‍ സഹായം പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രയോജനപ്പെടുത്തണം: മന്ത്രി കെ. രാജു

വാത്സല്യനിധി ഇന്‍ഷുറന്‍സ് പദ്ധതിയുടെ പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വനംവകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കുന്നു

പട്ടികജാതി/വര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം, തൊഴില്‍, വിവാഹം എന്നിവയ്ക്കായി ആവശ്യമായ തുക സര്‍ക്കാര്‍ പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി നല്‍കുന്നുണ്ടെന്നും ഇതു പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. പട്ടികജാതി വികസനവകുപ്പ്, എല്‍.ഐ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പെണ്‍കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി വാത്സല്യനിധി എന്ന പേരില്‍ ആരംഭിച്ച ഇന്‍ഷുറന്‍സ് പദ്ധതിയുടെ പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ഇത്തരം പദ്ധതികളുടെ പ്രയോജനം നേടിയെടുക്കാന്‍ എല്ലാവരും ശ്രമിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലെ അധികൃതരും ആശാ പ്രവര്‍ത്തകരും എസ്.സി/എസ്.റ്റി പ്രമോട്ടേഴ്‌സും സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികളുടെ സുരക്ഷ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി വാത്സല്യനിധി പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നും  മന്ത്രി  പറഞ്ഞു. ആനന്ദപ്പള്ളി രതീഷ് ഭവനില്‍ അഭിരാമിക്ക് വാത്സല്യനിധി  പോളിസി സര്‍ട്ടിഫിക്കറ്റ് മന്ത്രി നല്‍കി.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഷൈനി ബോബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ് ബീന, ജില്ലാ പട്ടികജാതി ഉപദേശക സമിതി അംഗങ്ങളായ കുറുമ്പകര രാമകൃഷ്ണന്‍, കെ.ആര്‍ ചന്ദ്രമോഹന്‍ തുടങ്ങിയവര്‍
പങ്കെടുത്തു.
പട്ടികജാതി വിഭാഗത്തില്‍പെട്ട മാതാപിതാക്കള്‍ക്ക് ഒരുലക്ഷം രൂപവരെ വരുമാന പരിധിക്ക് അകത്തുള്ള പെണ്‍കുട്ടികള്‍ക്ക് വാത്സല്യ നിധി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പെണ്‍കുട്ടി ജനിച്ച് ഒന്‍പത് മാസത്തിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. 18 വയസാകുമ്പോള്‍ മൂന്നു ലക്ഷം രൂപ കുട്ടിക്ക് നല്‍കാനാണു പദ്ധതി ലക്ഷ്യമിടുന്നത്. ഒരു കുട്ടിക്ക് 1,38,000 രൂപ നാല് ഇന്‍സ്റ്റാള്‍മെന്റുകളായി സര്‍ക്കാര്‍ നിക്ഷേപിക്കും. പത്തനംതിട്ട ജില്ലയില്‍ നിന്ന് അംഗങ്ങളാക്കിയിട്ടുള്ള 320 പെണ്‍കുട്ടികളുടെ പോളിസി സര്‍ട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനമാണ് നടന്നത്.