മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സുദര്‍ശനം പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ പി .ബി.നൂഹ് പറഞ്ഞു. ലോകതീര്‍ഥാടനകേന്ദ്രമായ ശബരിമലയിലെത്തുന്ന വയോജനങ്ങള്‍ക്കും,ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങു നല്‍കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ നടപ്പാക്കുന്ന സുദര്‍ശനം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വോളന്റിയേഴ്സിനുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍.
സുദര്‍ശനം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത പാതയിലും, സ്വാമി അയ്യപ്പന്‍ റോഡിലുമായി 18 ഇടങ്ങളില്‍ സന്നദ്ധസേവകരെ നിയോഗിച്ച് മലകയറുന്നതിനുള്ള സഹായവും ആരോഗ്യസേവനങ്ങളും നല്‍കും.നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടുത്തി സുദര്‍ശനം ഹെല്‍പ്പ് ഡസ്‌ക്ക് സ്ഥാപിക്കും. വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള ദ്വിഭാഷികള്‍ക്ക് സുദര്‍ശനം ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ചുമതല നല്‍കും. നടന്ന് മലകയറാന്‍ സാധിക്കാത്തവര്‍ക്ക് ഡോളി സൗകര്യം ഏര്‍പ്പെടുത്തും.വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളം, കാനന പാതകളില്‍ ഇരിപ്പിട സൗകര്യം അടിയന്തിര ഘട്ടങ്ങളില്‍ താല്ക്കാലിക താമസസൗകര്യം തുടങ്ങിയവയും ഏര്‍പ്പെടുത്തും. സന്നിധാനത്ത് ദര്‍ശനത്തിനായി പ്രത്യേക സൗകര്യം, അയ്യപ്പഭക്തരായ എല്ലാ വിശ്വാസികള്‍ക്കും സുഖകരമായ അയ്യപ്പപ്പ ദര്‍ശനം സധ്യമാക്കുക എന്നതും സുദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. വയോജനങ്ങളുടെയും, ഭിന്നശേഷിക്കാരുടെയും തുല്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സുദര്‍ശനം മുഖേന യാഥാര്‍ഥ്യമാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം നാളെ (9)ഉച്ചയ്ക്ക് രണ്ടിന് പമ്പ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ രാജു ഏബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ദേവസ്വം ബോര്‍ഡ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതി നിര്‍വഹണത്തിന്റെ ചുമതല ജില്ലാ പ്രൊബേഷന്‍ ഓഫീസിനാണ്.
പമ്പ ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ.ഇ.പ്രശോഭ് ഓറിയന്റേഷന്‍ പ്രോഗ്രാം നയിച്ചു.ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, പത്തനംതിട്ട സബ്ഇന്‍സ്പെക്ടര്‍മാരായ സി.മധു, ശ്രീകുമാര്‍, മീഡിയ വില്ലേജ് അധ്യാപകന്‍ എബിന്‍ ഫിലിപ്പ്, സാമൂഹ്യ പ്രവര്‍ത്തകന്‍ എ.കെ.മുനീര്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍.അനുപമ, അഖില്‍.ആര്‍ കുറുപ്പ് , വിവിധ കോളജുകളിലെ എന്‍.എസ്.എസ്.വോളന്റിയേഴ്സ്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.