വിശുദ്ധ കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാള്‍ മഹാമഹം ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

ന്യൂയോര്‍ക്ക്: കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സ്ഥാപകന്‍ വിശുദ്ധ കുരിയാക്കോസ് ഏലിയാസ് ചാവറയച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ അഞ്ചാം വാര്‍ഷികം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു.

നോര്‍ത്ത് അമേരിക്കാ സി എം ഐ ആസ്ഥാനമായ ന്യൂയോര്‍ക്ക് സെന്റ് ആന്റണി സെന്റ് അല്‍ഫോണ്‍സസ് (ബ്രൂക്ക്‌ലിന്‍) ചര്‍ച്ചില്‍ ഡിസംബര്‍ 1 ന് നടന്ന ദിവ്യബലിക്ക് ബ്രൂക്ക്‌ലിന്‍ ഡയോസീസ് ഓക്‌സിലറി ബിഷപ്പ് മോസ്റ്റ് റവ ജെയിംസ് മസ്സ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ആഘോഷ പരിപാടികളില്‍ ചര്‍ച്ച പ്രവര്‍ത്തനങ്ങളില്‍ സജ്ജീവ പങ്കാളിത്വം വഹിച്ച മൂന്ന് പേരെ പ്രത്യേകം ആദരിച്ചു.

ട്രൈസ്റ്റേറ്റില്‍ നിന്നും നിരവധി പുരോഹിതനും, കന്യാസ്ത്രീകളും, വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. ഫാ ജോസി വെട്ടോത്ത് അഭിവന്ദ്യ പിതാവിനേയും പുരോഹിതരേയും കന്യാസ്ത്രീകളേയും വിശ്വാസസമൂഹത്തേയും സ്വാഗതം ചെയ്തു. നോര്‍ത്ത് അമേരിക്കയില്‍ സി എം ഐയുടെ കീഴില്‍ തൊണ്ണൂറ് അച്ചന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതില്‍ അഭിമാനിക്കുന്നുവെന്ന് ഫാ ജോസി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. സി എം ഐ പാസ്റ്ററും, സുപ്പീരിയര്‍ ഡലിഗേറ്റുമായ ഫാ കാവുങ്കല്‍ ഡേവി നന്ദി പറഞ്ഞു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹവിരുന്നും, തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.