കാസര്‍ഗോഡ്: ഇല്ലാത്ത ബിസിനസ് ഡീലുകളുടെയും സ്വത്ത് കച്ചവടത്തിന്റെയും ഇന്‍കം ടാക്സ് റെയ്ഡുകളുടെയും പേരു പറഞ്ഞും നിരവധി വ്യാജരേഖകള്‍ ചമച്ചും സിനിമാതാരങ്ങളുടെയും വന്‍കിട ബിസിനസുകാരുടെയും പേരുകള്‍ ദുരുപയോഗം ചെയ്തും നാലുവര്‍ഷംകൊണ്ട് യുവാവ് തന്റെ ഭാര്യാപിതാവില്‍നിന്നു തട്ടിയെടുത്തത് 107,98,85,909 രൂപ!
കാസര്‍ഗോഡ് ചെങ്കള സ്വദേശി മുഹമ്മദ് ഹഫീസ് കുദ്രോളി (28) യാണ് നുണകളുടെ സാമ്രാജ്യംതന്നെ പടുത്തുയര്‍ത്തി വമ്പന്‍ തട്ടിപ്പ് നടത്തിയത്.
കുടുംബസമ്മേതം ദുബായില്‍ താമസിക്കുന്ന ആലുവ സ്വദേശി അബ്ദുള്‍ ലാഹിര്‍ ഹസനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഹസന്റെ പരാതിയില്‍ എറണാകുളം ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ അന്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഹഫീസിനെ കൂടാതെ അയാളുടെ പിതാവ് ഷാഫി കുദ്രോളി, അമ്മ ആയിഷ, വ്യാജരേഖകളുണ്ടാക്കാന്‍ സഹായിച്ചെന്ന് പറയപ്പെടുന്ന അക്ഷയ് തോമസ് വൈദ്യന് എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇവര്‍ നാലുപേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഇതില്‍ നാളെ വാദം കേള്‍ക്കും.
അബ്ദുള്‍ ലാഹിര്‍ ഹസനും ഭാര്യ സൈറ ലാഹിറും യുഎഇയില്‍ ലീംസ് എഡ്യുക്കേഷന്‍ എന്നപേരില്‍ അഞ്ച് സ്കൂളുകളും കൂള്‍ ഹോം ബില്‍ഡേഴ്സ് (കെഎച്ച്ബി) എന്നപേരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും നടത്തുന്നവരാണ്.
2017 ജനുവരിയിലാണ് ഇവരുടെ ഏകമകളായ ഹാജിറ ലാഹിറിനെ ഹഫീസ് വിവാഹം കഴിക്കുന്നത്. നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം ദുബായില്‍ താമസിക്കുന്ന ഹാജിറ വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് മൂന്നു വയസുള്ള ആണ്‍കുട്ടിയുമുണ്ട്.
ടര്‍ക്കിഷ് കമ്പനിയില്‍നിന്ന് നൂറുകോടിയുടെ നിക്ഷേപം
2021 ജനുവരിയിലാണ് തന്റെ ബേബി സൂത്ര എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലേക്ക് തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായുള്ള മെറ്റലക്സ് ഇന്റര്‍നാഷ്ണല്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ട്രേഡിംഗ് കമ്പനി നൂറുകോടി രൂപ നിക്ഷേപം നടത്തിയതായി ഹഫീസ് മാധ്യമങ്ങളോട് അവകാശപ്പെടുന്നത്.
ഹഫീസ്-ഹാജിറ ദമ്പതികളുടെ നേതൃത്വത്തിലാണ് ഗര്‍ഭിണികളായ സ്ത്രീകളുടെയും കുട്ടികളുടെയും പരിചരണത്തിനായി കുദ്രോളി വേള്‍ഡിന്റെ നേതൃത്വത്തില്‍ ബേബി സൂത്ര ആരംഭിച്ചത്.
ഇവര്‍ക്ക് ബംഗളൂരുവില്‍ രണ്ടും മുംബൈയില്‍ ഒന്നും ഷോപ്പുകളുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടര്‍ക്കിഷ് കമ്പനി നിക്ഷേപക നീക്കത്തില്‍നിന്നു പിന്മാറിയതായി ഹഫീസ് പിന്നീട് വീട്ടുകാരോട് പറഞ്ഞു.
എന്നാല്‍, മെറ്റലക്സ് ഒരു കടലാസ് കമ്പനി മാത്രമാണെന്നും കാണിച്ച രേഖകളെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പിന്നീട് വ്യക്തമായി.
ഇല്ലാത്ത റെയ്ഡിന് മൂന്നുകോടി
ഈ തട്ടിപ്പിന് മൂന്നു മാസം മുമ്പ് ഇന്‍കം ടാക്സ് റെയ്ഡിന്റെ പേരില്‍ ഹഫീസ് ഭാര്യാപിതാവിൽനിന്ന് പണം തട്ടിയിരുന്നു.
കുദ്രോളി വേള്‍ഡ് എന്ന തന്റെ ബിസിനസ് സ്ഥാപനത്തിനെതിരേ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചതായും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ഹഫീസ് ഭാര്യാപിതാവിനെ അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നുകോടി രൂപയാണ് ഹസന് മരുമകന് നല്‍കിയത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഹഫീസ് കാണിച്ച ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറുടെ കത്ത് വ്യാജമാണെന്ന് തെളിഞ്ഞു.
ലോധ ഗ്രൂപ്പിന്റെ 150 കോടി നിക്ഷേപ വാഗ്ദാനം
ഇപ്പോഴത്തെ മഹാരാഷ്ട്ര ടൂറിസം മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ മംഗള്‍ പ്രഭാത് ലോധയുടെ ലോധ ഗ്രൂപ്പില്‍നിന്ന് 2020 ഫെബ്രുവരിയിലാണ് ഹസന് ഒരു കത്ത് ലഭിക്കുന്നത്.
ഹസന്റെ ഉടമസ്ഥതയില്‍ എറണാകുളം മരടിലുള്ള പ്ലാറ്റിനം മാളിന് 150 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം നല്‍കിക്കൊണ്ടുള്ളതായിരുന്നു അന്ന് മലബാര്‍ ഹില്‍ എംഎല്‍എ ആയിരുന്ന ലോധയുടെ കത്ത്. ഹഫീസുമായി സംസാരിച്ചതായും കത്തിലുണ്ടായിരുന്നു.
ലോധയുടെ ദത്തുപുത്രന് സാഹില്‍ ലോധ ബംഗളൂരുവിലെ ജയിന് എന്‍ജിനിയറിംഗ് കോളജിലെ തന്റെ സഹപാഠിയായിരുന്നുവെന്നും അങ്ങനെയാണ് താന്‍ മംഗള്‍ ലോധയെ പരിചയപ്പെടുന്നതെന്നും ഹഫീസ് ഭാര്യാവീട്ടുകാരെ ബോധ്യപ്പെടുത്തി.
ഈ കത്ത് വ്യാജമാണെന്നും മംഗള്‍ ലോധയ്ക്ക് ഇങ്ങനെയൊരു ദത്തുപുത്രനില്ലെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി.
സോനം കപുറിന് 35 ലക്ഷത്തിന്റെ വസ്ത്രങ്ങള്‍
ഹഫീസിന്റെ ഭാര്യാമാതാവ് സൈറ ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്. ഇവര്‍ കൊച്ചിയില്‍ ഒരു ബ്യൂട്ടിക് നടത്തുന്നുണ്ട്. ബോളിവുഡ് താരം സോനം കപുറിന്റെ പേരു പറഞ്ഞ് സൈറയുടെ ലക്ഷങ്ങള്‍ ഹഫീസ് വെള്ളത്തിലാക്കി.
താരത്തിനായി പാര്ട്ടിവെയറുകളുടെ ഡിസൈന്‍ തയാറാക്കാനായി സൈറയും സംഘവും 4-5 മാസം ജോലി ചെയ്തു. എന്നാല്‍ ഇതിന്റെ പണം ലഭിച്ചില്ല.
പിന്നീട് ഹഫീസിന്റെ തട്ടിപ്പുകള്‍ പുറത്തായപ്പോള്‍ സൈറ താന്‍ തയാറാക്കി നല്കിയ വസ്ത്രങ്ങള്‍ തിരികെ ചോദിച്ചു. ഏതോ ഗോഡൗണില്‍ ഉപേക്ഷിച്ചിരുന്ന രണ്ടുവര്‍ഷം പഴക്കമുള്ള വസ്ത്രങ്ങളാണ് ഹഫീസ് തിരികെ നല്‍കിയത്.
ഇന്‍സ്റ്റഗ്രാമിലെ താരം
ഇന്‍സ്റ്റഗ്രാമില്‍ ഹഫീസിന് 15,000 ത്തോളം ഫോളോവേഴ്സുണ്ട്. ഒരു സിനിമാതാരത്തെ വെല്ലുന്ന കോസ്റ്റ്യൂമുകള്‍ അണിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ നിരവധിയുണ്ട്.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്,സല്മാന് ഖാന്, ക്രിക്കറ്റ് താരം എം.എസ്. ധോണി എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളും ബോളിവുഡ് താരം മന്ദിര ബേദിയില്നിന്ന് അവാര്‍ഡ് വാങ്ങുന്ന ചിത്രങ്ങളും ഇതിലുണ്ട്.
എന്‍ജിനിയറിംഗ് ഡിഗ്രിയും വ്യാജം
സിവില്‍ എന്‍ജിനിയറാണെന്നു പറഞ്ഞാണ് ഹഫീസിന്റെ വിവാഹാലോചന വരുന്നത്. ഗോവയിലും ബംഗളൂരുവിലുമൊക്കെ വലിയതോതില്‍ റോഡ് കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തുന്ന ഷാഫി കുദ്രോളിയുടെ മകനുമായി അന്ന് ബ്രോക്കര്‍ വഴി വിവാഹാലോചന വന്നപ്പോള്‍ നല്ലൊരു ബന്ധമായി തോന്നിയെന്ന് ഹസന് പറഞ്ഞു.
ഹഫീസിന്റെ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ ഇയാളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്ന് ഹസന് സംശയം തോന്നി.
ഹഫീസ് പഠിച്ച ജെയിന് ഡീംഡ് യൂണിവേഴ്സിറ്റിയില്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും മനസിലായി.
വിവാഹസമയത്ത് ഹസന് 600 പവന് സ്വര്‍ണം മകള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ 20 ശതമാനം മാത്രമാണ് ലോക്കറിലുള്ളതെന്നും ബാക്കിയുള്ളത് ഹഫീസിന്റെ വീട്ടുകാര്‍ കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ഒരു സമ്പന്ന കുടുംബാംഗമായ ഹഫീസ് എന്തിന് പെരുംനുണകള്‍ പടച്ചുവിട്ട് ഇത്രയും നാള് തങ്ങളെ വഞ്ചിച്ചെന്നാണ് ഹസന്റെയും സൈറയുടെയും ചോദ്യം.