Thursday, April 25, 2024
HomeNationalബാങ്ക് ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയിലേറെ വര്‍ധന

ബാങ്ക് ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയിലേറെ വര്‍ധന

ബാങ്ക് ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയിലേറെ വര്‍ധന. ഇന്‍ഷുറന്‍സ് കമ്പനികളുടെ തീരുമാനം വന്‍ബാധ്യതയാകുമെന്നു പൊതുമേഖല ബാങ്കുകളുടെ അസോസിയേഷൻ. ഇതില്‍നിന്നു പുറത്തുകടക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു ചില പൊതുമേഖലാ ബാങ്കുകള്‍ ഇന്ത്യ ബാങ്ക്സ് അസോസിയേഷന് (ഐബിഎ) കത്തു നല്‍കിയെങ്കിലും പരിഗണിച്ചില്ല. ബാങ്കിങ് മേഖലയിലെ പത്താം ശമ്പള കമ്മീഷന്റെ കാലാവധി ഈ വര്‍ഷം നവംബര്‍ വരെ നിലനില്‍ക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുണ്ടാക്കിയ കരാറില്‍നിന്നു രക്ഷപെടാൻ കഴിയാതെ ബാങ്കുകള്‍ കുഴങ്ങുകയാണ് . പൊതുവായുള്ള കരാറായതിനാല്‍ ചിലര്‍ക്കു മാത്രമായി കരാറില്‍നിന്നു രക്ഷപെടാൻ കഴിയില്ല എന്ന നിലപാടിലാണ് ഐബിഎ.

പത്താം ശമ്പളകമ്മീഷന്റെ നിര്‍ദേശപ്രകാരം 2015 ഒക്ടോബര്‍ 6 മുതലാണ് ബാങ്ക് ജീവനക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ്പദ്ധതിയില്‍ ചേര്‍ക്കപ്പെട്ടത്. ക്ളാര്‍ക്കുമാര്‍ക്ക് മൂന്നുലക്ഷംരൂപവരെയും ഓഫീസര്‍മാര്‍ക്ക് നാലു ലക്ഷംവരേയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കുമെന്ന് കരാറുണ്ടാക്കി. നിലവിലുള്ള ജീവനക്കാരുടെ ഇത്രയും തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം ബാങ്ക് ഇന്‍ഷുറന്‍സ് കമ്പനിയ്ക്കു നല്‍കും. അതിനു മുകളിലുള്ള തുക ബാങ്കുകളുടെ കോര്‍പറേറ്റ് പൂളില്‍നിന്ന് നല്‍കണമെന്നും വ്യവസ്ഥയുണ്ടാക്കി. വ്യവസ്ഥയനുസരിച്ചുള്ള ആദ്യ പ്രീമിയം ബാങ്കുകള്‍ നല്‍കി. രണ്ടാംവര്‍ഷം പ്രീമിയം പുതുക്കേണ്ട സമയമായപ്പോഴാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുക കുത്തനെ കൂട്ടിയത്. ഈ തുകയും കോര്‍പറേറ്റ് പൂളിലേക്ക് നല്‍കേണ്ട തുകയും വന്‍ ബാധ്യതയുണ്ടാക്കുന്നുവെന്നും ഇതിനേക്കാള്‍ മെച്ചം ബാങ്ക്തന്നെ ചികിത്സാച്ചെലവ് നല്‍കുന്ന പഴയ വ്യവസ്ഥയാണെന്നും ചില ബാങ്കുകളുടെ അധികൃതര്‍ പറയുന്നു.

ബാങ്കില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍വരുമ്പോള്‍ ഓഫീസര്‍മാര്‍ക്ക് 6573 രൂപയും ക്ളര്‍ക്ക്തസ്തികയിലുള്ളവര്‍ക്ക് 4930 രൂപയുമായിരുന്നു പ്രീമിയം. അന്ന് 14 ശതമാനം സേവനനികുതിയുള്‍പ്പെടെ നല്‍കേണ്ട തുക ഓഫീസര്‍മാര്‍ക്ക് 7494 രൂപയും ക്ളര്‍ക്കുമാര്‍ക്ക് 5621 രൂപയുമായിരുന്നു. ഇതിപ്പോള്‍ 15 ശതമാനം സേവനനികുതിയുള്‍പ്പെടെ ഓഫീസര്‍മാരുടെ പ്രീമിയം 16,025 രൂപയായി ഉയര്‍ന്നു. ചില ബാങ്കുകളില്‍ ക്ളര്‍ക്കുമാരുടെ പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, ഭൂരിപക്ഷം ബാങ്കുകളിലും ഇരുകൂട്ടരുടെയും പ്രീമിയംതുക വര്‍ധിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം അനുവദിക്കുന്ന ആനുകൂല്യം പരിധികടന്ന സാഹചര്യത്തിലാണ് പ്രീമിയം വര്‍ധനയും ഒരുവര്‍ഷത്തെ സമയപരിധിയും ആവശ്യപ്പെട്ട് ഐബിഎയെ സമീപിച്ചതെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments