കുഞ്ഞിനെ മാലിന്യത്തിൽ തള്ളി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച യുവതി പോലീസ് പിടിയിൽ

kamukanum kamukiyum

ഒരുവയസ്സുള്ള കുഞ്ഞിനെ മാലിന്യത്തിനിടയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച യുവതിയേയും കാമുകനേയും പോലീസ് പിടികൂടി. കാഞ്ഞിരംകുളത്തു പുതിയതുറ പി.എം. ഹൗസിൽ റോസ്മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തിൽ സജൻ (27) എന്നിവരാണ് ആഴിമലയിൽ നിന്ന് പോലീസ് പിടിയിലായത്. കുഞ്ഞിനെ നെയ്യാറ്റിൻകര ഷോപ്പിങ് കോംപ്ലക്സിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തി. ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ 22ന് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത്.വീട്ടുകാരുടെ പരാതിയെത്തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ യുവതി സജനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. ഇതിനിടെ യുവതിയുടെ ഭർത്താവ് വിദേശത്തുനിന്നും നാട്ടിലെത്തിയെങ്കിലും യുവതി കൂടെ പോകാൻ തയ്യാറായില്ല. എന്നാൽ യുവതിയും കാമുകനും ചേർന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തി. ഇതിനിടെയാണ് ബുധനാഴ്ച പുലർച്ചെ ഇവർ നെയ്യാറ്റിൻകരയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. ഇവിടെ മാലിന്യംപുരണ്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വൈകീട്ടോടെ ഇവർ ആഴിമലയിലെ പാറക്കെട്ടിൽ ഒളിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. രാത്രിയിൽ തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ഇവരുടെ പരിപാടി. പിടിയിലായ സജൻ പൂവാർ, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ജയിലിലായിട്ടുണ്ട്. 2നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ഹരികുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ്.ഐ. പ്രതാപ്ചന്ദ്രൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിൽസ്, വിഷ്ണു, അജീഷ് എന്നിവർ ചേർന്നാണ് ഇരുവരേയും പിടികൂടിയത്.