കര്‍ണ്ണാടകയിലെ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് കോൺഗ്രസ്; പിന്നിൽ മോദിയും അമിത് ഷായും യെദ്യൂരപ്പയും

bjp

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കര്‍ണ്ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ എന്നിവരുടെ മൂവര്‍ സംഘം കര്‍ണ്ണാടകയിലെ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെ.ഡി.എസ് എം.എല്‍.എമാരെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്ന യെദ്യൂരപ്പയുടെ ശബ്ദരേഖ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി പുറത്തു വിട്ടതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ‘ബി.ജെ.പിയുടെ മൂവര്‍ സംഘം കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഗവര്‍ണ്ണറെ തങ്ങളുടെ കൈകളിലെ പാവയാക്കി വെച്ച്‌ മോദി, അമിത് ഷാ, യെദ്യൂരപ്പ എന്നീ മൂന്നു പേരുടെ ഗ്യാങ്ങ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്’- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൂറു മാറിയ എം.എല്‍.എമാരെ രക്ഷിക്കാന്‍ സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവുമെന്നും കുമാരസ്വാമി പുറത്തു വിട്ട ശബ്ദരേഖയില്‍ പറയുന്നുണ്ട്. കൂറുമാറുന്നതിനായി യെദ്യൂരപ്പ 18 എം.എല്‍.എമാര്‍ക്ക് 10 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ അവകാശപ്പെട്ടു. ’12 എം.എല്‍.എമാര്‍ക്ക് മന്ത്രി പദവിയും, ബാക്കിയുള്ള ആറു പേര്‍ക്ക് ചെയര്‍മാന്‍ പദവിയും അയാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്’- കര്‍ണ്ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.