ലൈറ്റ് മെട്രോ പദ്ധതി; ഡിഎംആര്‍സിയെ പുറത്താക്കിയതിനെതിരെ ഉമ്മൻ ചാണ്ടി

oommen

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സിയെ പുറത്താക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസന ക്കുതിപ്പിനേറ്റ തിരിച്ചടിയാണ് തീരുമാനം. ഇ.ശ്രീധരനെ ഇങ്ങനെ അപമാനിച്ചുവിടണോ എന്ന് ചിന്തിക്കണം. അദ്ദേഹം വലിഞ്ഞുകയറി വന്നതല്ല, നമ്മള്‍ ആവശ്യപ്പെട്ട് കൊണ്ടുവന്നതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.അതേസമയം ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ശ്രീധരനെ ഇറക്കിവിട്ടത് കേരളത്തോട് ചെയ്ത പാതകമാണ്. സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയാണ്. അഴിമതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.എന്നാൽ ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇ.ശ്രീധരനെ അനാദരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്റെ കത്ത് കിട്ടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ. ശ്രീധരൻ ഉദ്ദേശിക്കുന്ന അതേ വേഗത്തിൽ സർക്കാരിനു നീങ്ങാൻ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിർമാണം തുടങ്ങിയാൽ മതിയെന്നാണു സർക്കാരിന്റെ നിലപാട്. തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരൻ ആവശ്യപ്പെട്ടപ്പോൾ കാണാൻ കഴിയാതിരുന്നതെന്നും പിണറായി പറഞ്ഞു.