വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

neet exam dress code

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം ക്തമായ പ്രതിഷേധത്തിനു കാരണമാകുകയും വാര്‍ത്തയാകുകയും ചെയ്തതോടെയാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍.

വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും സി.ബി.എസ്.ഇ. റീജിയണല്‍ ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിട്ടുമുണ്ട്.

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയത്. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയും ചയ്തിരുന്നു. കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഈ സംഭവങ്ങള്‍ നടന്നത്. രാവിലെ 8.30-ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്. പലരും നാണക്കേടുകൊണ്ട് കരഞ്ഞു. ജീന്‍സ് മാറ്റാന്‍ പറഞ്ഞും ക്രൂരമായ സമീപനമാണ് പരീക്ഷക്കെത്തിയവരോട് കാണിച്ചത്.

ഹാളിലേക്കു കയറുംമുമ്പ് ഡ്രസ് കോഡിന്റെ പേരിലാണ് ഈ അപമാനം അരങ്ങേറിയതെന്നാണ് ആരോപണം. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള നടപടി എന്ന ന്യായീകരണത്തോടെയായിരുന്നു പരിശോധന. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയാണ് ഞായറാഴ്ച നടന്നത്. രാജ്യത്ത് 104 നഗരങ്ങളിലായി 11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.

അതേസമയം, പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നേരെ ഗുരുതര മനുഷ്യാവകാശ ലംഘനമാണു നടന്നതെന്ന് പി.കെ.ശ്രീമതി എം.പി. ആരോപിച്ചു. അടിവസ്ത്രം വരെ ഊരി പരിശോധനയ്ക്കു വിധേയരാകേണ്ടി വന്ന പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും മനഃസമാധാനത്തോടെ പരീക്ഷയെഴുതി മികച്ച വിജയം നേടാനാകില്ല. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ മര്യാദയ്ക്കു നടപ്പാക്കാത്തവരാണു പ്രവേശനപ്പരീക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അമിത വ്യഗ്രത കാണിച്ചതെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രീമതി ആരോപിച്ചു.