Friday, March 29, 2024
HomeNationalപരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടി അപരിഷ്കൃതം

പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടി അപരിഷ്കൃതം

പരീക്ഷക്കിരിക്കാന്‍ വരുന്നവരുടെ പാന്റ്സും അടിവസ്ത്രവും അഴിപ്പിക്കുക. വസ്ത്രത്തിന്റെ ഫുള്‍ കൈ പകുതിയായി മുറിക്കുക. ഇത്തരം കിരാത പ്രവൃത്തികള്‍ കാരണം വിങ്ങിപ്പൊട്ടിയ മനസ്സുമായാണ് കുട്ടികള്‍ പരീക്ഷാഹാളില്‍ ഇരുന്നത്.

ഒരു വര്‍ഷം പരിശീലനത്തിനു പോയി എങ്ങനെയെങ്കിലും പരീക്ഷ നന്നായി എഴുതണം എന്നതായിരുന്നു മകളുടെ ലക്ഷ്യം. ഹാളില്‍ കടത്തിവിടുന്നതിനുമുമ്പ് മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ‘ബീപ്’ ശബ്ദം ഉണ്ടായതോടെ ബ്രാ അഴിക്കാന്‍ പറഞ്ഞു. പരീക്ഷ തുടങ്ങാന്‍ അഞ്ചു മിനിറ്റാണുണ്ടായിരുന്നത്. ബാത്ത്റൂമില്‍ പോകാന്‍പോലും സമ്മതിച്ചില്ല. മുകളിലത്തെ ഉടുപ്പ് ഊരാതെതന്നെ ബ്രാ അഴിച്ചെടുത്ത് കണ്ണീരോടെ ഏല്‍പിച്ചാണ് മകള്‍ പരീക്ഷയെഴുതാന്‍ കയറിയത്. ഇതിനെതിരെ സിബിഎസ്ഇ ഡയറക്ടര്‍ക്കും മനുഷ്യാവകാശകമീഷനും പരാതി നല്‍കും. ഇനി ഒരു കുട്ടിക്കും ഇത്തരം അപമാനം ഉണ്ടാകരുതെന്നും ഒരു അമ്മ പറഞ്ഞു.

“ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം ആ നിമിഷം ഇല്ലാതായി. മറ്റുള്ളവരുടെ മുഖത്ത് നോക്കാനാവാതെ തലകുനിച്ച് പരീക്ഷാഹാളിലേക്ക് പോകുന്ന മോളുടെ മുഖം മനസ്സില്‍നിന്ന് മായുന്നില്ല”- കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനിയായ അമ്മ പറഞ്ഞു. ഞാനും അധ്യാപികയാണ്. പരീക്ഷയെഴുതാനെത്തുന്നവരെ ഒരു തരത്തിലും മാനസികമായി തളര്‍ത്താന്‍ പാടില്ല. അടിവസ്ത്രം അഴിപ്പിച്ചതിനെതിരെ പരാതി നല്‍കും.

ഞായറാഴ്ച നടന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയിലാണ് ഡ്രസ്കോഡിന്റെ പേരില്‍ അപരിഷ്കൃത നടപടിയുണ്ടായത്. രാവിലെ 8.15ന് സെന്ററില്‍ മകള്‍ക്കൊപ്പമെത്തി. 8.30നാണ് പരീക്ഷാഹാളിലേക്ക് കയറ്റി വിട്ടത്. ഇളംനിറത്തിലുള്ള പാന്റ്സ് ധരിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ തൊട്ടടുത്ത കടയില്‍നിന്ന് പുതിയ പാന്റ്സ് വാങ്ങിയാണ് മകളെ ഹാളിലേക്ക് കയറ്റിവിട്ടത്. ഗേറ്റ് കടന്നപ്പോള്‍തന്നെ എല്ലാ കുട്ടികളുടെയും ചെരുപ്പ് അഴിപ്പിച്ചു. നിബന്ധനയില്‍ ഹൈ ഹീല്‍ഡ്ചെരുപ്പും ഷൂസും ഉപയോഗിക്കരുതെന്നാണ്. ഇതിന് വിപരീതമായി എല്ലാവരുടെയും ചെരുപ്പ് അഴിപ്പിച്ചാണ് ഹാളിലേക്ക് കയറ്റിയത്.

കണ്ണൂര്‍ ജില്ലയിലെ മറ്റു ചില പരീക്ഷാ കേന്ദ്രങ്ങളിലും സമാന അനുഭവമുണ്ടായി. ജീന്‍സ് ധരിച്ച് പരീക്ഷക്കെത്തിയ പയ്യാമ്പലത്തെ തപാല്‍ ജീവനക്കാരന്റെ മകള്‍ക്ക് കടുത്ത അപമാനം നേരിടേണ്ടിവന്നു. ആദ്യം ജീന്‍സിലെ ലോഹബട്ടണ്‍ അഴിപ്പിച്ചു. പിന്നീട് ജീന്‍സിന്റെ പോക്കറ്റും കീറണമെന്ന് ആവശ്യപ്പെട്ടു. ശരീരം വെളിയില്‍ കാണുമെന്നതിനാല്‍ അച്ഛന്‍ മറ്റൊരു വസ്ത്രം വാങ്ങി നല്‍കിയാണ് പരീക്ഷാഹാളില്‍ കയറ്റിയത്.

ബര്‍ണശേരി മിലിട്ടറി സ്കൂളില്‍ വിദ്യാര്‍ഥിനികളുടെ ചുരിദാര്‍ മുഴുക്കൈ ആയതിനാല്‍ മുറിച്ചുമാറ്റി. മുറിച്ചുമാറ്റിയ വസ്ത്രഭാഗങ്ങളുമായി രക്ഷിതാക്കള്‍ സ്കൂള്‍ പരിസരത്ത് പ്രതിഷേധിച്ചു. അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ചുരിദാറിന്റെ കൈ മുറിക്കുന്നതിനിടെ പെണ്‍കുട്ടി കരഞ്ഞതിനാല്‍ അധികൃതര്‍ ഒരു കൈമാത്രം മുറിച്ച് പിന്‍വാങ്ങി.

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിപ്പിച്ച നടപടി മനുഷ്യത്വരഹിതമാണെന്ന് പി കെ ശ്രീമതി എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷയില്‍ കൃത്രിമം കാട്ടാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാനാണ് വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് നിയമാവലി ഉണ്ടാക്കിയത്. ഇത് മനസിലാക്കാതെ അപരിഷ്കൃതമായി പെരുമാറിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കുട്ടികളെ മാനസികമായി തളര്‍ത്തി വിജയം കൈവരിക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കി. മറ്റുള്ളവര്‍ക്കുമുന്നില്‍ മാനഹാനിയുണ്ടാക്കി. ഇതു ചെയ്ത അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി, വനിതാകമീഷന്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കും.

പരീക്ഷക്കിരിക്കാന്‍ വരുന്നവരുടെ പാന്റ്സും അടിവസ്ത്രവും അഴിപ്പിക്കുക. വസ്ത്രത്തിന്റെ ഫുള്‍ കൈ പകുതിയായി മുറിക്കുക. ഇത്തരം കിരാത പ്രവൃത്തികള്‍ കാരണം വിങ്ങിപ്പൊട്ടിയ മനസ്സുമായാണ് കുട്ടികള്‍ പരീക്ഷാഹാളില്‍ ഇരുന്നത്. ഇതിനെതിരെ സിബിഎസ്ഇ ഡയറക്ടര്‍ക്കും കേന്ദ്രസര്‍ക്കാരിനും പരാതി നല്‍കുമെന്നും ശ്രീമതി പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം എന്‍ സുകന്യയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments