ബാലകൃഷ്ണന്‍ കൊലകേസ് : വിചാരണ പൂര്‍ത്തിയായി, വിധി 17ന്

blood

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വിദ്യാനഗര്‍ പടുവടുക്കത്തെ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ പ്രത്യേക കോടതിയില്‍ നടന്നുവരികയായിരുന്ന വിചാരണ പൂര്‍ത്തിയായി. കേസിലെ 30 സാക്ഷികളെ കോടതി വിസ്തരിച്ചു. 17ന് ഈ കേസില്‍ കോടതി വിധി പറയും. മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ഹനീഫ, എ.എം മുഹമ്മദ്, അബ്ദുല്‍ഗഫൂര്‍, അബൂബക്കര്‍ എന്നിവരാണ് ബാലകൃഷ്ണന്‍ വധക്കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടായിരുന്ന ബാലകൃഷ്ണന്‍ നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരന്‍ കൂടിയായിരുന്നു. 2001 സെപ്തംബര്‍ 18ന് വൈകിട്ട് ബാലകൃഷ്ണനെ വിദ്യാനഗറില്‍ നിന്നും കാറില്‍ തട്ടിക്കൊണ്ടുപോയി ചന്ദ്രഗിരിപ്പാലത്തിനടുത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതരസമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ വൈരാഗ്യം മൂലം ബാലകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണ് കേസ്.ഈ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തി പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണുണ്ടായത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി പിഴ ചുമത്തുകയും ചെയ്തു.