ചാവേറാക്രമണം കേരളത്തിൽ നടത്താൻ പദ്ധതി? കൊച്ചിയില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചു

detonators

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും പൊലീസ്-ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിരിക്കെ കൊച്ചിയില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചു. 88 ജെലാറ്റിന്‍ സ്റ്റിക്കുകളും ഒമ്ബത് ഡിറ്റണെറ്ററുമാണ് പിടികൂടിയത്. അയ്യമ്ബുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ടു ലോലി എന്നയാളെ അയ്യമ്ബുഴ പൊലീസ് പിടികൂടിയിട്ടുണ്ട്. വന്‍സ്ഫോടനങ്ങള്‍ക്ക് ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. ഐസിസ് തീവ്രവാദികള്‍ കൊച്ചി നോട്ടമിട്ടുണ്ടെന്നും കൊച്ചിയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ഇന്റലിജന്‍സ് നിര്‍ദ്ദേശം വന്നിരിക്കെയാണ് കൊച്ചിയില്‍ നിന്നും ഡിറ്റണെറ്ററുകള്‍ പിടികൂടിയത്. സ്ഫോടക വസ്തുക്കള്‍ പിടികൂടിയത് അതീവ ഗുരുതരമായ സംഭവമായി വീക്ഷിക്കുന്ന പശ്ചാത്തലത്തില്‍ റെയ്ഡുകള്‍ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മലയാറ്റൂര്‍-കൂത്താട്ടുകുളം ബെല്‍റ്റില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ റെയ്ഡുകള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് പൊലീസ് തീരുമാനം. ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ രീതിയില്‍ കേരളത്തിലും സ്‌ഫോടനപരമ്ബരകള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതായുള്ള മൊഴി എന്‍ഐഎയ്ക്ക് മുന്നിലുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍ഐഎകുരുക്കിയ ഐസിസ് ബന്ധമുള്ള റിയാസ് അബൂബക്കര്‍ ആണ് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. കൊച്ചിയടക്കം പലയിടങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചി പൊലീസ് നടത്തിയ റെയിഡിലാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചത്.

പാറമടകളില്‍ സ്‌ഫോടനം നടത്താനെന്ന പേരില്‍ ഡിറ്റണെറ്ററും ജെലാറ്റിന്‍ സ്റ്റിക്കുകളും ശേഖരിക്കുന്നതായാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിഡുകള്‍ വിപുലമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ തീരദേശത്തും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും പതിവ് പരിശോധനകള്‍ക്കുപുറമേ ചിലയിടങ്ങളില്‍ കര്‍ശന പരിശോധനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാറ്റൂര്‍-കൂത്താട്ടുകുളം ഏരിയ പൊലീസ് അരിച്ചു ധപരിശോധന നടത്തുന്നത്. വിദേശികളുടെ പ്രത്യേകിച്ച്‌ ശ്രീലങ്കയില്‍ നിന്നുള്ളവരുടെ യാത്രാരേഖകളും മറ്റും ജാഗ്രതയോടെ നിരീക്ഷിക്കാന്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. തീരദേശ മേഖലയില്‍ റോന്തുചുറ്റല്‍ കര്‍ശനമാക്കാന്‍ തീരദേശസേനയ്ക്കും തീരദേശ പൊലീസ് സ്റ്റേഷനുകളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സ്‌ഫോടകവസ്തുക്കള്‍ക്കായുള്ള റെയ്ഡുകള്‍ തുടരുകയും ചെയ്യുന്നുണ്ട്.

ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള റിയാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മിലിട്ടറി ഇന്റലിജന്റ്‌സ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എന്നിവയും റിയാസിനെ ചോദ്യം ചെയ്യുകയാണ്. കേരളത്തില്‍ ഐസിസിനായി മനുഷ്യ ബോംബാക്രമണം നടത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി റിയാസ് എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഐസിസ് പത്തു പേരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. അബൂബക്കറിനെ ചോദ്യം ചെയ്തതിനു ശേഷമാണ് എന്‍ഐഎയുടെ നിര്‍ണായക കണ്ടെത്തല്‍.

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിനായി ഒരുങ്ങിയിരിക്കവെയാണ് റിയാസ് എന്‍ഐഎയുടെ പിടിയിലാകുന്നത്. ഐസിസിന്റെ കേരളത്തിലെ നീക്കങ്ങള്‍ റിയാസ് എന്‍ഐഎയോട് വെളിപ്പെടുത്തിക്കൊണ്ടിരിക്കവേ തന്നെയാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കൊച്ചിയില്‍ നിന്നും പിടികൂടുന്നത്. ഐസിസ് ബന്ധമുള്ള ഒരാളെക്കൂടി കേരളത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. കാസര്‍കോട് നിന്നും ഐഎസില്‍ ചേരാന്‍ മലയാളികളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയായ മുഹമ്മദ് ഫൈസലിനെയാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദിന് നോട്ടീസ് നല്‍കിയത്. ഇയാള്‍ ഉടന്‍തന്നെ കൊച്ചി ഓഫീസിലെത്തും. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ട് പേരെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല.