വോട്ടര്‍ പട്ടികയില്‍ സി.പി.എം തിരിമറി നടത്തി ; ഉമ്മന്‍ചാണ്ടി

oommen

വോട്ടര്‍ പട്ടികയില്‍ സി.പി.എം തിരിമറി നടത്തിയെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തുലക്ഷം യു.ഡി.എഫ് വോട്ടുകള്‍ തിരഞ്ഞുപിടിച്ച്‌ നീക്കംചെയ്തു. അട്ടിമറി നടത്തുന്നതിനായി ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചു. സംസ്ഥാനത്തെ 77 ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ 74 പേരും ഇത്തരത്തിലുള്ളവരാണ്. ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2011 ല്‍ 12.88ലക്ഷവും 2014 ല്‍ 11.04ലക്ഷവും ആണ് വോട്ടര്‍പട്ടികയിലെ വര്‍ദ്ധനയെങ്കില്‍ 2019ല്‍ അത് വെറും 1.32ലക്ഷമാണ്. 2016 ല്‍ വോട്ടര്‍പട്ടികയില്‍ 2.60കോടിയുണ്ടായിരുന്നു. 2019ല്‍ ഇത് 2.61കോടിയായി.ഇൗ കാലയളവില്‍ കന്നിവോട്ടര്‍മാര്‍ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ കണക്ക്. എന്നാല്‍ വോട്ടര്‍പട്ടികയിലെ വര്‍ദ്ധനവ് 1.32ലക്ഷം മാത്രം. വോട്ടര്‍പട്ടികയില്‍ നിന്ന് ക്രമരഹിതമായി പത്തുലക്ഷത്തോളം പേരെ ഒഴിവാക്കിയെന്നതിനാലാണിത്. ഉമ്മന്‍ചാണ്ടി പറഞ്ഞു.തെളിവുസഹിതം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും.വോട്ടര്‍പട്ടികയില്‍ നിന്ന് നിയമവിരുദ്ധമായി പേരുകള്‍ നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം.
എന്നാല്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചരിത്രത്തിലില്ലാത്തവിധം എല്ലാവര്‍ക്കും തൃപ്തികരമായ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന നടപടികളാണ് ടിക്കാറാം മീണ എടുക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിച്ച അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഉമ്മന്‍ചാണ്ടി പറഞ്ഞു. സി. പി. എം. സംസ്ഥാന സെക്രട്ടറി ഭയപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയെങ്കിലും മീണ വഴങ്ങിയില്ല. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി നിലപാട്മാറ്റിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൊലീസ് തപാല്‍ വോട്ട് പ്രശ്നത്തില്‍ ക്രമക്കേട് നടത്തിയ പൊലീസ് അസോസിയേഷനെ സംരക്ഷിക്കാനാണ് നീക്കം നടത്തുന്നത്. ഏതാനും പേര്‍ക്കെതിരെ മാത്രം അന്വേഷണം നടത്തി പ്രശ്നം ഒതുക്കുന്നത് അംഗീകരിക്കില്ല. തപാല്‍ വോട്ടെടുപ്പ് റദ്ദാക്കാനും പുതിയ വോട്ടെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പാലാരിവട്ടം മേല്‍പാലം യു.ഡി.എഫിന്റെഭരണകാലത്താണ് തുടങ്ങിയത്. അതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്ന ആക്ഷേപം ശരിയല്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.