കോഴിയിറച്ചിയുടെ വില വീണ്ടും കുത്തനെ ഉയര്‍ന്നു

kozhi hen

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില വീണ്ടും കുത്തനെ ഉയര്‍ന്നു. റമദാന്‍ മാസം തുടങ്ങിയതോടെയാണ് വില ഉയര്‍ന്നത്. ഒരു കിലോ കോഴിയിറച്ചിയ്ക്ക് ഇപ്പോള്‍ ഉപഭോക്താവ് 200 രൂപ വരെ നല്‍കണമെന്ന സ്ഥിതിയാണ്. വിവാഹ സീസണായതും കോഴിയുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മുമ്ബ് ബ്രോയിലര്‍ കോഴിയിറച്ചിക്ക് 140 രൂപ വരെയായിരുന്നു വില. പിന്നീട് 40 രൂപ ഒറ്റയടിക്ക് കൂടി 180 രൂപ വരെയായി. ഇപ്പോള്‍ വിപണിയില്‍ ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില 200 രൂപ വരെയാണ്. ലഗോണ്‍ കോഴിക്ക് 170 രൂപയും.

വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ ഫാമുകളില്‍ കോഴിയുടെ ഉത്പാദനം കുറഞ്ഞിരുന്നു. കോഴിതീറ്റ വിലയില്‍ 50 രൂപയോളം കൂടിയതോടെ ഫാമുകളില്‍ നിന്നെത്തുന്ന കോഴിക്കും വില കൂടി. ഒപ്പം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന കോഴിയുടെ വില കൂടുകയും ചെയ്തു.വരും ദിവസങ്ങളില്‍ കോഴിയിറച്ചിയുടെ വില ഇനിയും കൂടിയേക്കാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു