ഗവ. ആഫ്റ്റർ കെയർഹോമിലെ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശിനി 17കാരിയും കിളികൊല്ലൂർ സ്വദേശിനി 15കാരിയും ആണ് മരിച്ചത്. തൃക്കരുവ ഇഞ്ചവിളയിലെ ഗവ ആഫ്റ്റർ കെയർഹോമിൽ വ്യാഴാഴ്ച പുലർച്ചെയാണ് രണ്ടാം നിലയിലേക്ക് കയറുന്ന സ്റ്റെയർകെയ്സിന്റെ കൈവരികളിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പ്ലസ് ടുവിനും പത്താം ക്ലാസിലും പഠിക്കുകയായിരുന്നു ഇവർ. ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് സഹപാഠികൾ പറയുന്നു. ഒരുകുട്ടി കഴിഞ്ഞ ജനുവരിയിലും 15കാരി ഒരു മാസം മുമ്പുമാണ് ആഫ്റ്റർ കെയർ ഹോമിലെത്തുന്നത്.
ഇരുവരും പോക്സോ കേസുകളിലെ ഇരകളാണ്. വീട്ടിൽ സുരക്ഷിതരല്ലാത്തതിനാൽ ശിശുക്ഷേമ സമിതിയാണ് ഇരുവരെയും ആഫ്റ്റർ കെയർ ഹോമിലെത്തിച്ചത്. അമ്മമാർ മാത്രമാണ് ഇവരെ സന്ദർശിക്കാനെത്തിയിരുന്നത്. ഇന്നലെ പുലർച്ച അഞ്ചിന് റമദാൻ വ്രതത്തിന് അത്താഴം കഴിക്കാൻ എണ്ണീറ്റ കുട്ടികളാണ് ഇവരെ മരിച്ചനിലയിൽ ആദ്യം കണ്ടത്. ഹോസ്റ്റൽ വാർഡൻ ഉടൻ അഞ്ചാലുംമൂട് പൊലീസിനെ അറിയിച്ചു. വാർഡനെയും മറ്റ് ജീവനക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കും. കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിതാബീഗം, എ.സി.പി ജോർജ് കോശി, അഞ്ചാലുംമൂട് പൊലീസ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് അധികൃതർ എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെൺകുട്ടികൾ എഴുതിയെന്ന് കരുതുന്ന ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും പരിശോധിച്ചുവരുകയാണ്. കലക്ടർ മിത്രയുടെ നേതൃത്വത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.