കുമ്പളാംപൊയ്കയിൽ വന്‍ പൊലീസ് സംഘവും ഒപ്പം കമാന്‍ഡോകളും; കണ്ട് നാട്ടുകാരെല്ലാം ഞെട്ടി

anoop

കുമ്പളാംപൊയ്കയിൽ അത്യാധുനിക ആയുങ്ങളുമേന്തിയ വന്‍ പൊലീസ് സംഘവും ഒപ്പം കമാന്‍ഡോകളും.


പൊലീസ് വണ്ടിയും തോക്കും കമാന്‍ഡോകളെയും കണ്ട് നാട്ടുകാരെല്ലാം ഞെട്ടി. റാന്നി വടശേരിക്കര കുമ്ബളാംപൊയ്കയ്ക്ക് സമീപം ഇന്ന് രാവിലെ 11.30 നാണ് ഈ കാഴ്ച്ച കണ്ടു എല്ലാവരും ഒന്ന് ഞെട്ടിയത്. കോയമ്ബത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് അനൂപ് എം ജോര്‍ജിനെ കുമ്ബളാംപൊയ്കയിലെ വീട്ടിലേക്ക് കൊണ്ടു വന്നതാണെന്ന് പിന്നീട് മനസ്സിലായി.

അനൂപ് എത്തുന്നതറിഞ്ഞ് കേരളത്തിലെ മാവോയിസ്റ്റുകള്‍ രക്ഷപ്പെടുത്താനുള്ള നീക്കം നടത്തുമെന്ന് മനസിലാക്കിയാണ് തമിഴ്‌നാട് പൊലീസ് സംഘം ശക്തമായ സുരക്ഷ ഒരുക്കിയത്. അറസ്റ്റിലായതിന് ശേഷം പുറംലോകം കാണാന്‍ കഴിയാത്ത അനൂപിന് കോടതി ഒറ്റ ദിന പരോള്‍ അനുവദിച്ചത് സുഖമില്ലാതെ കഴിയുന്ന മാതാവിനെ കാണാന്‍ വേണ്ടിയായിരുന്നു.

അനൂപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ഗ്രാമം തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. ആയുധധാരികളായ പൊലീസുകാര്‍ക്ക് നടുവില്‍ സന്തുഷ്ടനായിട്ടാണ് അനൂപ് നടന്നു വന്നത്.

മാധ്യമങ്ങളെ അകറ്റി നിര്‍ത്താന്‍ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിലും പരിചയക്കാരോട് ചിരിച്ചും കളി പറഞ്ഞും കുശലം ചോദിച്ചുമാണ് അനൂപ് വന്നത്. 2017 ഓഗസ്റ്റില്‍ കോയമ്ബത്തൂരിലെ കറുപ്പ ഗൗണ്ടര്‍ തെരുവില്‍ വച്ചാണ് അനൂപ് രൂപേഷിന്റെ ഭാര്യയും മാവോയിസ്റ് നേതാവുമായ ഷൈനയുമൊന്നിച്ച്‌ അറസ്റ്റിലായത്.

മാവോയിസ്റ് നേതാവ് രൂപേഷിനെ സഹായിച്ചതും കേരളത്തില്‍ ടോള്‍ പ്ലാസക്ക് നേരെ ആക്രമണം നടത്തി എന്നതുമുള്‍പ്പെടെ നിരവധി കേസുകള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് ഷൈന ജാമ്യത്തിലിറങ്ങി. രൂപേഷിനെ തൃശൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ അനൂപിന് മാത്രം കോയമ്ബത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചനമുണ്ടായില്ല.

ഒരു കേസിനു കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു കേസുകള്‍ക്ക് കിട്ടിയിട്ടില്ല. കോടതി അനുവദിച്ച ഒറ്റദിന പരോള്‍ തമിഴ്‌നാട് പൊലീസിനെ തെല്ലൊന്നുമല്ല വലച്ചത്. അമ്മയെ കാണുവാന്‍ കുമ്ബളാംപൊയ്കയിലെ തറവാട്ട് വീട്ടിലും പിന്നീട് മൂത്ത സഹോദരന്റെ വീട്ടിലും അനൂപ് എത്തി.

ഇന്ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് അമ്മയോടും ബന്ധുക്കളോടുമൊപ്പം കുമ്ബളാം പൊയ്കയിലെ വീട്ടില്‍ കഴിയുവാന്‍ അനൂപിന് പരോള്‍ അനുവദിച്ചിരുന്നത്. ശനിയാഴ്ച കോയമ്ബത്തൂരില്‍ നിന്നും അനൂപുമായി പുറപ്പെട്ട പൊലീസ് സംഘം രാത്രി തൃശൂരിലെത്തി. അവിടെ നിന്നും ഇന്ന് പുലര്‍ച്ചെ ആറു മണിക്ക് പുറപ്പെട്ട് രാവിലെ പതിനൊന്നരയോടെ ആദ്യം കുമ്ബളാംപൊയ്ക എടത്രമുക്കിലെ തറവാട്ടു വീട്ടിലേക്കും അവിടെ നിന്ന് ഉതിമൂട് റോഡിലുള്ള ജ്യേഷ്ഠ സഹോദരന്റെ വീട്ടിലേക്കും എത്തിക്കുകയായിരുന്നു.

അനൂപ് എത്തിച്ചേര്‍ന്നതറിഞ്ഞ് ബന്ധുക്കളും കുമ്ബളാംപൊയ്കയിലെ സാമൂഹിക പ്രവര്‍ത്തകരും മുന്‍കാല സുഹൃത്തുക്കളുമെല്ലാം കാത്തുനില്‍പ്പുണ്ടായിരുന്നു.

സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തകനായിരുന്ന അനൂപ് മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി രൂപേഷിന്റെ സംഘത്തില്‍ ചേരുകയായിരുന്നു. കോയമ്ബത്തൂരില്‍ വച്ച്‌ അനൂപ് അറസ്റ്റിലാകുമ്ബോഴാണ് വീട്ടുകാര്‍ പോലും ഇയാള്‍ മാവോയിസ്റ്റായ വിവരം അറിഞ്ഞത്.