കോലഞ്ചേരി പള്ളിതര്‍ക്കത്തിലെ സുപ്രീം കോടതി വിധിക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഓര്‍ത്തഡോക്‌സ് സഭ ഒരു പൂ ചോദിച്ചപ്പോള്‍ സുപ്രീം കോടതി ഒരു പുക്കാലം നല്‍കിയെന്നും ഇങ്ങനെ പുക്കാലം നല്‍കണമെങ്കില്‍ അതിന് ഒരു കാരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1934ലെ ഭരണഘടന മാത്രമേ നിലനില്‍ക്കൂ എന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണകാര്‍ട് പള്ളിയില്‍ നടന്ന വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കൂറിലോസ്.
കോലഞ്ചേരി പള്ളിതര്‍ക്കം സംബന്ധിച്ച കേസില്‍ യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളിഭരണം നടത്തണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. 2002ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
1995ലെ സുപ്രീം കോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കോലഞ്ചേരി പള്ളിയുടെ ഭരണാവകാശം ലഭിച്ചിരുന്നു. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളിഭരണം നടത്തണമെന്നായിരുന്നു അന്നത്തെ കോടതി വിധി. ഈ വിധി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1913ലെ കരാര്‍ പ്രകാരം പള്ളിഭരണം നടത്താന്‍ അനുവദിക്കണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. കീഴ്‌ക്കോടതികള്‍ ആവശ്യം തള്ളിയതോടെ സഭ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.