ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഇരട്ട ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഇരട്ട ചാര ഉപഗ്രഹങ്ങള്‍ ചൈന വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെയാണ് ഉത്തര ചൈനയിലെ ജ്വിഖാന്‍ വിക്ഷേപണത്തറയില്‍ നിന്നും പാകിസ്ഥാന്റെ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകളായ പി.ആര്‍.എസ്.എസ് 1, പാക്‌ടെസ്-1 എ എന്നിവ ചൈനീസ് റോക്കറ്റായ ലോംഗ് മാര്‍ച്ച്‌-2സി ഉപയോഗിച്ച്‌ വിക്ഷേപിച്ചത്. ബഹിരാകാശ രംഗത്ത് പാകിസ്ഥാനേക്കാള്‍ ഏറെ മുകളിലാണ് ഇന്ത്യയെങ്കിലും മേഖലയില്‍ പുതിയ മത്സരത്തിന് വിക്ഷേപണം വഴിയൊരുക്കുമെന്ന് ഉറപ്പാണ്. 2011 ആഗസ്‌റ്റില്‍ പാകിസ്ഥാന്റെ വാര്‍ത്താവിനിമയ ഉപഗ്രഹമായ പാക്‌സാറ്റ്-1ആര്‍ വിക്ഷേപിച്ചതിന് ശേഷം ബഹിരാകാശ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതാണ് പുതിയ സംഭവവികാസം. ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്ന ഉപഗ്രഹങ്ങളില്‍ ഒന്ന് പാകിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ചതാണെങ്കില്‍ മറ്റൊന്ന് ചൈനയുടെ സംഭാവനയാണ്. പി.ആര്‍.എസ്.എസ് 1 പാകിസ്ഥാന് വില്‍ക്കുന്ന ആദ്യ ഒപ്‌റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമാണ്. ഒരു വിദേശരാജ്യത്തിന് വേണ്ടി ചൈനീസ് ബഹിരാകാശ ഏജന്‍സിയായ ചൈന അക്കാഡമി ഒഫ് സ്‌പേസ് ടെക്‌നോളജി (കാസ്‌റ്റ്) വികസിപ്പിക്കുന്ന 27ആമത്തെ ഉപഗ്രമാണിത്. ചൈന തദ്ദേശീയമായി നിര്‍മിച്ച ലോംഗ് മാര്‍ച്ച്‌-2സി എന്ന റോക്കറ്റിന്റെ 279ആമത്തെ വിജയകരമായ വിക്ഷേപണമാണിത്. 1999ല്‍ യാത്ര തുടങ്ങിയ റോക്കറ്റിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വിക്ഷേപണമാണെന്ന പ്രത്യേകതയുമുണ്ട്. ലക്ഷ്യം ഇന്ത്യ? ചൈനയുടെയും പാകിസ്ഥാന്റെയും സ്വപ്‌ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡിന് വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതാണ് ഉപഗ്രഹമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഈ രംഗത്ത് ഇന്ത്യയെ മറികടക്കാന്‍ പാകിസ്ഥാന്‍ കാലങ്ങള്‍ കാത്തിരിക്കണം. ബഹിരാകാശത്ത് ഇന്ത്യയുടെ 43 ഓപ്പറേഷണല്‍ ഉപഗ്രങ്ങളാണുള്ളത്. ഇതുകൂടാതെ ഏത് കാലാവസ്ഥയെയും തരണം ചെയ്യാന്‍ കഴിയുന്ന റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റുകളും ഇന്ത്യയ്‌ക്കുണ്ട്. ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് 2016ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തി വിജയകരമായി തിരിച്ചെത്തിയത്.